യുവനടന്‍ നീരജ് മാധവനായിന്നു ദൃശ്യം എന്ന സിനിമയില്‍ മീന കഴിഞ്ഞാല്‍ മോഹന്‍ലാലിനൊപ്പം ഏറ്റവുമധികം കോമ്പിനേഷന്‍ സീനുള്ളത് . കേബിള്‍ ടിവി ഓപ്പറേറ്റര്‍ മോനിച്ചനായി നീരജ് തകര്‍ത്തഭിനയിക്കുകയും ചെയ്തു. ആ സിനിമയുടെ ചിത്രീകരണത്തിനിടെ നീരജിന് മറക്കാനാവാത്തൊരു സംഭവമുണ്ട്:
ദൃശ്യത്തിന്‍റെ സെറ്റില്‍ ചെന്നതിന്‍റെ പിറ്റേന്നായിരുന്നു നീരജിന്‍റെ ആദ്യ സീന്‍. ഏതാണ്ട് 50 മീറ്റര്‍ അപ്പുറത്തുനിന്ന് മോഹന്‍ലാല്‍ സൈക്കിള്‍ ചവിട്ടിവരുന്നു. പൊലീസ് സ്റ്റേഷന്‍ പണിയുന്നത് നോക്കിനില്‍ക്കുകയാണ് നീരജ്. പിന്നില്‍നിന്ന് മോഹന്‍ലാല്‍ വന്ന് ‘എന്താ ഇവിടെ?’ എന്ന് ചോദിക്കും. ‘വെറുതെ പണി നോക്കി നിന്നതാണ്’ എന്ന് മറുപടി പറയണം.
“ലാലേട്ടന്‍ സൈക്കിളില്‍ വന്ന് ബെല്ലടിച്ച് എന്താണെന്ന് ചോദിച്ചതും ഞാന്‍ തിരിഞ്ഞുനോക്കി. ഇനി ഡയലോഗ് പറയണം. പക്ഷേ ഒരക്ഷരം വായില്‍നിന്ന് വരുന്നില്ല. സ്തംഭിച്ചുനില്‍ക്കുകയാണ് ഞാന്‍. തൊട്ടുമുന്നില്‍ ലാലേട്ടനെ കണ്ടതിന്‍റെ അമ്ബരപ്പ്. അടുത്തനിമിഷം മറ്റൊരു പേടിവന്നു. ഡയലോഗ് പറയാതെ മിഴിച്ചുനില്‍ക്കുന്ന എന്നെ ഇവര്‍ സെറ്റില്‍ നിന്നുപറഞ്ഞുവിടും.
എന്‍റെ പരിഭ്രമം കണ്ട് ലാലേട്ടന്‍ പതിയെ പറഞ്ഞു, ‘പേടിക്കേണ്ട, ഇത് വൈഡ് ഷോട്ടാണ്. ക്യാമറ അങ്ങ് ദൂരെയല്ലേ. ഡയലോഗ് മറന്നുപോയാലും എന്തെങ്കിലും പറഞ്ഞാല്‍ മതി. ഡബ്ബിംഗില്‍ ശരിയാക്കാം’. ലാലേട്ടന്‍ പിന്നിലേക്ക് സൈക്കിള്‍ കൊണ്ടുപോയി റീടേക്കിനായി വീണ്ടും ഓടിച്ചുവന്നു. അങ്ങനെ ആ ടേക്ക് ഓകെ ആയി.
എന്‍റെ പേടി പിടിച്ചെടുത്ത് പിന്നെ ലാലേട്ടന്‍ കൂടുതല്‍ വര്‍ത്തമാനം പറഞ്ഞ് അടുപ്പമുണ്ടാക്കി. രണ്ടുദിവസം കൊണ്ട് തോളില്‍ കൈയിട്ട് വര്‍ത്തമാനം പറയാന്‍ തുടങ്ങി. മോഹന്‍ലാലിനെ എന്തുകൊണ്ടാണ് എല്ലാവരും ലാലേട്ടന്‍ എന്ന് വിളിക്കുന്നത് എന്ന് മനസിലായത് അങ്ങനെയാണ്”