ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ വിജയിയെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മത്സരാർത്ഥികളെല്ലാം സജ്ജരായി തന്നെ ബിഗ് ബോസ് ഹൗസിൽ കഴിയുകയാണ്. ഇപ്പോഴിതാ ഇതുവരെ ഷോയിൽ മത്സരിച്ച ഈ സീസണിലെ എല്ലാം മത്സരാർത്ഥികളേയും തിരികെ വീട്ടിൽ കൊണ്ടു വന്നാണ് ബിഗ് ബോസ് താരങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
എല്ലാവരും തിരിച്ചെത്തിയതോടെ അപ്രതീക്ഷിതമായ ഒരുപാട് കാര്യങ്ങളാണ് വീട്ടിൽ നടക്കുന്നത്. എല്ലാവരും കാത്തിരുന്ന നിമിഷമായിരുന്നു റോബിനും റിയാസും വീണ്ടും കണ്ടുമുട്ടിയാൽ എന്തുസംഭവിക്കും എന്നുള്ളത്. അതുതന്നെ ബിഗ്‌ബോസ് ഹൗസിൽ സംഭവിക്കുകയും ചെയ്തു. റിയാസിനെ കയ്യേറ്റം ചെയ്തതോടെയാണ് റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പുറത്താക്കിയത്. അതിനാൽ ഏറ്റവും ശ്രദ്ധേയമായിരുന്നു റോബിനും റിയാസും തമ്മിൽ നടന്ന സംസാരം. എല്ലാ പിണക്കങ്ങളും മാറ്റി വച്ച് മനസ് തുറന്നാണ് ഇരുവരും സംസാരിച്ചത്.
ഞാൻ ഈ ഷോയെ ഇഷ്ടപ്പെടുന്നത് പോലെ റോബിനും ഈ ഷോയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് വലിയ കാര്യമാണ്. ഞാനതിനെ വിലമതിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ കാരണമുണ്ടായ ഒരു സംഭവത്തിൽ റോബിൻ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് എനിക്കും വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് റിയാസ് പറയുന്നുണ്ട്.
‘ചിലപ്പോൾ പുറത്തുപോയി കഴിഞ്ഞും ഞാൻ റോബിനെക്കുറിച്ച് ദേഷ്യപ്പെട്ട് സംസാരിച്ചിട്ടുണ്ടാകാം. എനിക്ക് അറിയാമായിരുന്നു റോബിൻ തിരികെ വരുമെന്ന്. കുറഞ്ഞത് എന്നോട് അവർ ചോദിക്കുകയെങ്കിലും ചെയ്യും’ എന്ന് റിയാസ് പറയുന്നു.
പരമാവധി പ്രൊവോക്ക് ചെയ്യുന്നതാണ് ഈ ഷോയുടെ സ്വഭാവം എന്നെനിക്ക് അറിയാം. പക്ഷെ ആ സമയം എന്റെ കൈയ്യിൽ നിന്നും പോയി. അത് സംഭവിക്കാൻ പാടില്ലായിരുന്നു. അതിനാൽ എന്റെ തെറ്റ് ഞാൻ അംഗീകരിക്കുന്നു. നീയിത് ഒരു ഗെയിമായിട്ട് കാണുന്നത് പോലെ ഞാനും ഇത് ഗെയിമായിട്ടേ കാണുന്നുള്ളൂ. എൻഡ് ഓഫ് ദ ഡേ നമ്മൾ എല്ലാവരും സുഹൃത്തുക്കളാണെന്നായിരുന്നു റോബിൻ ഇതിനോട് തിരിച്ച് മറുപടിയായി പറഞ്ഞത്.
‘ഞാൻ സന്തോഷിക്കുന്നുണ്ട്. ഞാൻ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. നീ ഫൈനലിലെത്തിയതിലും ഞാൻ സന്തോഷിക്കുന്നുണ്ട്. നീ ഗെയിം മനസിലാക്കി കളിക്കുന്നുണ്ട്. നീ വന്നപ്പോഴാണ് എനിക്ക് ഗെയിം കളിക്കാൻ ഒരാളെ കിട്ടിയത്. ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു. ആ മൂന്ന് ആഴ്ച വെടിക്കെട്ടായിരുന്നു. എന്ത് സംഭവിച്ചാലും എന്റെ ജീവിതത്തിൽ ഇത് നെഗറ്റീവല്ല, പോസ്റ്റീവല്ലെന്നും റോബിൻ പറഞ്ഞു.
‘ആൾമാറാട്ടം ടാസ്‌കിൽ നീ പൊളിച്ചടുക്കി. ഞാൻ ചിരിച്ചു മരിച്ച്. നിന്നെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്. നിന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. എനിക്കും നിന്നെ ഇഷ്ടമാണെന്ന് റോബിൻ പറഞ്ഞു.
‘എനിക്ക് നീ കളിക്കുന്ന രീതിയോടാണ് പ്രശ്നമുണ്ടായിരുന്നത്. നീ നല്ല മനുഷ്യനാണെന്ന് എനിക്കറിയാമായിരുന്നു. ഇത് വോട്ട് കിട്ടാൻ വേണ്ടി പറയുന്നതല്ല. എനിക്ക് അറിയാം. ബിഗ് ബോസിൽ നിന്നും നല്ല അവസരം നഷ്ടപ്പെട്ടുവെന്ന് നീ ചിന്തിക്കുമോ എന്നായിരുന്നു എന്റെ പ്രശ്നം’- റിയാസ് പറഞ്ഞു.
‘നീ പുറത്ത് വന്ന ശേഷം ഞാൻ നിന്നെ പറ്റി എന്താണ് പറഞ്ഞതെന്ന് നീ കാണണം. അപ്പോൾ നിനക്ക് മനസിലാകും. നിന്റെ മാതാപിതാക്കൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എല്ലാവരും നിന്നെ സ്നേഹിക്കുന്നുണ്ട്. അവർ നിന്റെ കൂടെയുണ്ട്. നീ നല്ല ഗെയിമറാണ്. ഞാനും ജാസ്മിനും പോയ ശേഷം ഈ സെക്കന്റ് വരെ ഈ ഷോ കൊണ്ടു പോകുന്നത് നീയാണ്. നീയില്ലെങ്കിൽ എല്ലാവരും ഒരു മൂലയ്ക്ക് ഇരിക്കുമായിരുന്നു’- റോബിൻ പറഞ്ഞു.
‘എനിക്ക് പ്രതീക്ഷ നൽകരുത്.’ അവസാനം നിരാശപ്പെടുമെന്ന് എനിക്ക് തോന്നുന്നുണ്ടെന്നായിരുന്നു റിയാസ് പ്രതികരിച്ചത്.
എന്നാൽ, ‘നീ ഈ ഷോയുടെ ടൈറ്റിൽ വിന്നർ ആയില്ലെങ്കിലും നീ വിന്നറാണ്. ഇഷ്ടപ്പെടാതിരുന്നവരുടെ മനസിൽ പോലും ഇഷ്ടം വരുത്താൻ സാധിച്ചാൽ നമ്മൾ വിജയിച്ചു. നീയത് ചെയ്യുന്നുണ്ട്. നീ ആദ്യമേ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എല്ലാവരും നിന്നെയോർത്ത് അഭിമാനിക്കുന്നുണ്ടെന്നുമാണ് റോബിൻ റിയാസിനെ കുറിച്ച് പറഞ്ഞത്.
അതേസമയം സംസാരിക്കുന്നതിനിടെ ഇരുവരും വികാരഭരിതരാവുകയും ശബ്ദമിടറുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ടുപേരേയും ഒരുമിച്ച കണ്ടതോടെ ആരാധകരും ഇരട്ടി സന്തോഷത്തിലാണ് ഇപ്പോൾ.