തെലങ്കാന പൊലീസ് യഥാർഥ ഹീറോസ് ; ഹൈദരാബാദ് സംഭവത്തിൽ നീതി നടപ്പിലായെന്ന് നയൻതാരയും

18

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയെ പ്രശംസിച്ച് നടി നയൻതാരയും. ‘നീതി നടപ്പിലായി’ എന്ന അടിക്കുറിപ്പോടെ താനിറക്കിയ ഔദ്യോഗിക കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് നയൻതാര വിഷയത്തിൽ പ്രതികരിച്ചത്.

കുറിപ്പിൽ പറയുന്നതിങ്ങനെ- ‘ചൂടോടെ നടപ്പിലാക്കപ്പെട്ടാൽ നീതി നല്ലതാണ്. ഇത്രനാളും ഇതൊരു സിനിമാറ്റിക് ചൊല്ലായിരുന്നെങ്കിൽ ഇപ്പോളതു യാഥാർഥ്യമായിരിക്കുകയാണ്. യഥാർഥ ഹീറോസ്- തെലങ്കാന പൊലീസ് അത് അവരുടെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്.

Advertisements

‘മനുഷ്യത്വത്തിനു വേണ്ടിയുള്ള ശരിയായ പ്രവൃത്തി’ എന്നാണു ഞാനിതിനെ വിളിക്കുക. ഈ രാജ്യത്തെ ഓരോ സ്ത്രീക്കും യഥാർഥ നീതി നടപ്പിലായ ഈ ദിവസം കലണ്ടറിൽ രേഖപ്പെടുത്താൻ കഴിയും. മനുഷ്യത്വമെന്നാൽ ബഹുമാനിക്കുക, സ്നേഹം പ്രകടിപ്പിക്കുക, എല്ലാറ്റിനെയും തുല്യതയോടെ കാണുക എന്നതാണ്.

നീതി നടപ്പിലായതിൽ സന്തോഷിക്കുക എന്നതിലുപരി, ഈ നിമിഷം നമ്മുടെ കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ ചിലതു പഠിപ്പിക്കേണ്ടുന്ന സമയമാണ്. സ്ത്രീകൾക്കു സുരക്ഷിതമായ ഒരു ഇടമായി ഭൂമിയെ മാറ്റുമ്പോഴാണു പുരുഷന്മാർ ഹീറോയാകുന്നത് എന്ന സന്ദേശം അവർക്കു പകർന്നുകൊടുക്കണം.’

നേരത്തേ പൊലീസിനു കൈയടിച്ച് മലയാള സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നീരജ് മാധവ്, തൻവി റാം, രാധിക, കുമ്പളങ്ങി നൈറ്റ്സ് സംവിധായകൻ മധു സി. നാരായൺ എന്നിവരാണ് പൊലീസിനെ അഭിനന്ദിച്ചു രംഗത്തെത്തിയത്.

Advertisement