ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനശ്രദ്ധയാകർഷിച്ച റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിൽ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര അവതാരകയായി എത്തുമെന്ന് സൂചന.
കളേഴ്സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വിറ്ററിൽ നിന്നും വന്ന ട്വീറ്റാണ് ഇപ്പോൾ ഇത്തരമൊരു ചർച്ചയ്ക്ക് വഴിവച്ചത്.
കളേഴ്സ് തമിഴിൽ നയൻതാര വരുന്നോ, കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കൂ എന്നാണ് ചാനൽ പുറത്ത് വിട്ട ട്വീറ്റിൽ പറയുന്നത്.
അതേസമയം മുൻ ബിഗ്ബോസ് പതിപ്പുകളിലെ പോലെ കമൽഹാസൻ തന്നെ അവതാരകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
കമൽഹാസൻ അവതരിപ്പിച്ച മുൻ ബിഗ് ബോസ് സീസണുകൾ വലിയ വിജയമായിരുന്നു. പക്ഷേ നിലവിൽ അദ്ദേഹം പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് നയൻതാരയുടെ പേര് ചർച്ചയാകുന്നത്
തല അജിത് നായകനായെത്തിയ വിശ്വാസമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം, ചക്രി സംവിധാനം ചെയ്യുന്ന കൊലയുതിർക്കാലം, എന്നിവയാണ് തമിഴിലെ നയൻസിന്റെ പുതിയചിത്രങ്ങൾ.
ധ്യാൻ ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭത്തിൽ നിവിൻ പോളി നായകനായെത്തുന്ന ലവ് ആക്ഷൻ ഡ്രാമയാണ് മലയാളത്തിൽ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന നയൻസ് ചിത്രം.