ഇക്കഴിഞ്ഞ ജൂൺ 9ന് ആണ് സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള ലേഡി സൂപ്പർതാരം നയൻതാരയുടെ വിവാഹം കഴിഞ്ഞത്. ചെന്നൈ മഹാബലിപുരത്ത് ആഡംബര റിസോർട്ടിലായിരുന്നു അതീവ സുരക്ഷയിലും സ്വകാര്യതയിലും ചടങ്ങുകൾ നടന്നത്. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ മുതൽ മലയാളത്തിൽ നിന്ന് ദിലീപ് വരെ വിവാഹത്തിൽ അതിഥികളായി എത്തി.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡ് സ്റ്റൈലിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഒരുപക്ഷെ ഇത്രത്തോളം വൈറലായ മറ്റൊരു തെന്നിന്ത്യൻ താര വിവാഹം അടുത്തൊന്നും നടന്നിട്ടുണ്ടാവില്ല.ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ കേൾക്കാൻ കൊതിച്ച വാർത്തയായിരുന്നു ഇരുവരുടേയും വിവാഹം.
താര വിവാഹത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ താരത്തിന്റെ പഴയ സിനിമാജീവിതവും ചർച്ചയാവുകയാണ്. നയൻതാരയുടെ മുൻകാല പ്രണയബന്ധങ്ങളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിവാഹ ശേഷം നയൻതാരയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചർച്ചകളിലാണ് പലരും. വളരെ സാധാരണക്കാരിയായ മലയാളി പെൺകുട്ടിയിൽ നിന്നും തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പർ താരങ്ങളുടെ എക്സ്പൻസീവ് നായിക എന്ന നിലയിലേക്ക് നയൻതാര വളർന്നത് അതിവേഗമായിരുന്നു.
മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാരയുടെ അരങ്ങേറ്റം. പിന്നീട് എല്ലാതാരങ്ങളേയും അസൂയപ്പെടുത്തുംവിധം അതിവേഗമായിരുന്നു താരത്തിന്റെ വളർച്ച. തമിഴിൽ ശരത് കുമാറിനൊപ്പമുള്ള അയ്യാ എന്ന സിനിമയിൽ തുടക്കം കുറിച്ച നയൻസിനെ തമിഴകം പിന്നീട് ക്ഷേത്രം പണിത് ആരാധിക്കുന്ന കാഴ്ചയാണ് കണ്ടത്.
തമിഴകത്തെ സൂപ്പർസ്റ്റാറുകളായ രജനീകാന്ത്, വിജയ്, അജിത്ത്, സൂര്യ തുടങ്ങി വലിയൊരു താരനിരയ്ക്കൊപ്പം അഭിനയിച്ച നയൻതാര ഇനി ബോളിവുഡിലേക്ക് ചേക്കേറുകയാണ്. ബോളിവുഡ് കിങ് ഖാൻ ഷാരൂഖിനൊപ്പം ജവാൻ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ ചുടവടുറപ്പിക്കാൻ താരം ഒരുങ്ങുന്നത്. വിവാഹത്തിനു ശേഷമാണ് സിനിമയുടെ റിലീസ് ഉണ്ടാവുക.
അതേസമയം, 2008-ൽ വനിത മാസികയിൽ വന്നൊരു അഭിമുഖമാണ് വീണ്ടും സോഷ്യൽമീഡിയയുടെ ചർച്ചകളഇൽ ഇടം പിടിക്കുന്നത്. തന്റെ ജീവിതലക്ഷ്യങ്ങളും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെച്ച നയൻതാര താൻ സ്വയംവെട്ടിത്തെളിച്ച പാതയിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് പറയുകയാണ്.
‘എന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്. ആദ്യകാലത്തു ഞാൻ അഭിനയിച്ച സിനിമകളുടെയെല്ലാം സെറ്റിൽ അച്ഛനും അമ്മയും വന്നിരുന്നു. ഞാൻ അഭിനയിക്കുമ്പോൾ അവർ വെറുതെ ബോറടിച്ചിരിക്കണം. എന്തൊരു കഷ്ടമാണത്. സിനിമ എന്നത് വളരെ വലിയൊരു വ്യവസായമാണ്. ഇവിടെ ഒരു പെണ്ണ് തനിച്ചു നിൽക്കുന്നു എന്നു പറയുന്നത് ഒരു നിസ്സാരകാര്യമല്ല. തനിയേ നിന്നു ജയിക്കുന്നതിന്റെ സുഖം ഒന്നുവേറെ തന്നെയാണ്. ഒരു പെണ്ണു വിചാരിച്ചാൽ ഇന്നത്തെ കാലത്ത് എന്താണ് നടക്കാത്തത്. ആരെയും നമുക്ക് നേരിടാവുന്നതേയുള്ളൂ. ജയിക്കണം എന്ന നിശ്ചയദാർഢ്യം വേണമെന്നു മാത്രം.’- നയൻതാര പറഞ്ഞതിങ്ങനെ.
തന്റെ സമയനിഷ്ഠയെക്കുറിച്ചും നയൻസ് അഭിമുഖത്തിൽ അന്നുതന്നെ വ്യക്തമാക്കുന്നുണ്ട്. ‘ഞാൻ കാരണം ഒരു നിർമ്മാതാവിനും ബുദ്ധിമുട്ടുണ്ടാവാൻ പാടില്ല. നമ്മൾ അഭിനയിക്കാൻ സമ്മതിച്ചു പണം വാങ്ങിക്കഴിഞ്ഞാൽ പിന്നെ സമയത്ത് അവിടെ ചെല്ലേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. എന്നോടു രാവിലെ ഏഴു മണിക്കു വരണമെന്നു പറഞ്ഞാൽ എത്ര മണിക്ക് എന്റെ ഷോട്ട് എടുക്കണമെന്ന് തിരിച്ചുചോദിക്കും.’
‘ആ സമയത്ത് ഞാൻ എത്തിയിരിക്കുമെന്ന് പറയും. അപ്പോൾ അവർ പറയും. മാഡം ഒൻപതു മണിക്കു തുടങ്ങണം. ആ സമയത്ത് ഞാൻ മേക്കപ്പ് ചെയ്തു റെഡിയായി ലൊക്കേഷനിൽ എത്തിയിട്ടുണ്ടാവും. ലൊക്കേഷനിൽ ചെന്നിട്ടു റെഡിയാവാമെന്നു ഞാൻ ഒരിക്കലും വിചാരിക്കാറില്ല.’ – താരം നിലപാട് വ്യക്തമാക്കുന്നു.
അതേസമയം, തമിഴകത്ത് കാലുറപ്പിച്ചതിന് ശേഷം മലയാള സിനിമയിലേക്ക് അധികം എത്തിനോക്കാറില്ലാത്ത നയൻസിനോട് മലയാള സിനിമയിൽ ആരോടെങ്കിലും വാശിയുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് എനിക്ക് ആരോടും വാശിയില്ല. ജീവതത്തോട് മാത്രമേ വാശിയുള്ളൂവെന്നും എന്നാലെ വിജയിക്കാനാകൂവെന്നും താരം മറുപടി നൽകുന്നു.
‘മലയാള സിനിമാരംഗത്തെ നാലോ അഞ്ചോ പേർക്കേ എന്റെ നമ്പർ അറിയൂ. എന്റെ എല്ലാ സിനിമയും തുടങ്ങുന്നതിന് മുമ്പു സത്യൻ അന്തിക്കാട് സാറിനെ വിളിക്കാറുണ്ട്. അദ്ദേഹം എന്റെ ഗുരുനാഥനാണ്. ഓണത്തിനും വിഷുവിനും വിളിക്കും. അവരെ സന്തോഷിപ്പിക്കാൻ നമുക്കു ചെയ്യാവുന്ന ചെറിയ കാര്യങ്ങളല്ലേ അതൊക്കെ…അതെല്ലാം ഞാൻ ചെയ്യാറുണ്ട്.’ നയൻതാര പറയുന്നു.