കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
വിവാഹശേഷം സിനിമ വിട്ട നവ്യ ഇപ്പോഴിതാ സജീവസാന്നിധ്യമാവുകയാണ് കലാലോകത്ത്. അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു.ഇപ്പോഴിതാ വിവാഹം കഴിഞ്ഞതിന് ശേഷം ഉണ്ടായ തിരിച്ചറിവിനെ കുറിച്ച് സംസാരിക്കുകയാണ് നവ്യ നായർ.
താനും മറ്റുള്ളവരെ പോലെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബമാവുക എന്നതാണെന്നാണ് വിചാരിച്ചത്. കല്യാണം കഴിച്ച് കുടുംബവമാവുന്നതാണ് സസ്‌കസെന്ന് വിചാരിച്ചിരുന്നു. ഇപ്പോൾ തന്റെ മോൻ ഒരിക്കലും ഇത് കേൾക്കുന്നുണ്ടാവില്ല. എന്നാൽ, പെൺകുട്ടികളോട് ചെറുപ്പം മുതൽ തന്നെ വേറൊരു വീട്ടിലോട്ട് പോവേണ്ടതാണെന്ന് എപ്പോഴും ഓർമ്മിപ്പിക്കുമെന്ന് നവ്യ പറയുന്നു.
സത്യത്തിൽ ഇതൊക്കെ കേട്ട് താൻ തന്റെ അടിസ്ഥാന അവകാശങ്ങൾ പോലും തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് നവ്യ പറഞ്ഞത്. ഉദാഹരണത്തിന് എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം അദ്ദേഹത്തിന് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അങ്ങനെ ഒന്നുമില്ലെന്ന് എനിക്ക് മനസ്സിലായില്ല.- എന്നും താരം വ്യക്തമാക്കി.
താൻ 24ാം വയസ്സിലാണ് കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ഒപ്പം എസ്റ്റാബ്ലിഷ്ഡായിട്ടുള്ള നവ്യ നായരാണ്. എന്നിട്ടുപോലും തോന്നിയിരുന്നത് എന്ത് പ്രശ്‌നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണെന്നും നവ്യ പറയുന്നു.
തനിക്ക് വിവാഹ ശേഷം യുപിഎസ്‌സി എക്‌സാം എഴുതാൻ പറ്റാതെ പോയത് ഒരു വലിയ വിഷമമായി കരുതുന്നു. ചെറുപ്പം മുതലുള്ള ഒരു ആഗ്രഹമായിരുന്നു, പക്ഷെ ആ സമയത്താണ് ഗർഭിണി ആയത്. കുഞ്ഞായിക്കഴിഞ്ഞപ്പോഴും ഏജ് ലിമിറ്റ് പ്രശ്‌നമല്ലായിരുന്നു. അപ്പോൾ ചേട്ടൻ പറഞ്ഞു മോനൊക്കെ ചെറുതാണെന്ന് അവന് വാഷ് റൂമിൽ പോവാൻ സ്വന്തമായി അറിയില്ല. അത് കഴിഞ്ഞപ്പോഴും പ്രായ പരിധി കഴിഞ്ഞെന്നും താരം വെളിപ്പെടുത്തി.
പിന്നീട്, എന്നാലിനി ഡാൻസിൽ ഡിഗ്രി എടുത്ത് പിഎച്ച്ഡി ചെയ്യാമെന്ന് കരുതി. അപ്പോൾ കറസ്‌പോണ്ടന്റായി ശാസ്ത്ര യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിച്ചു. ഇതെല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. മാസത്തിൽ രണ്ട് തവണ നമ്മൾ അവിടെ പോണം. ആറ് ദിവസം അവിടെ നിൽക്കണം.
ഇതോടെ ഇന്റർവ്യൂവിന് കോൾ വന്നപ്പോഴേക്കും ചേട്ടൻ പോവേണ്ടെന്ന് പറഞ്ഞു. എന്നാൽ സത്യത്തിൽ തനിക്കിപ്പോഴും അറിയില്ല അതെന്താണ് ചേട്ടൻ അങ്ങനെ പറഞ്ഞതെന്ന്, അവിടെയാണ് നമ്മൾ നിസ്സഹായരായി പോവുന്നതെന്നു നവ്യ നായർ വിശദീകരിച്ചു.