നടന്‍ നാന പടേക്കര്‍ സിനിമാ സെറ്റില്‍ വെച്ച് തന്നെ ഉപദ്രവിച്ചുവെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ രംഗത്തുവന്നത്.
2009ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇതിനെ ശരിവയക്കുന്ന വീഡിയോ ഫൂട്ടേജ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
2008 ലാണ് സംഭവം നടന്നത്. പടേക്കറിനൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരേ ആക്രമണം ഉണ്ടായതെന്ന് തനുശ്രീ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ അസ്വസ്ഥയായ തനുശ്രീ സെറ്റില്‍ നിന്ന് ഇറങ്ങി പോകുന്നത് കാണാം.
തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാറില്‍ ചവിട്ടുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് തനുശ്രീ ആരോപിക്കുന്നു.
തനുശ്രീയെ പിന്തുണച്ച് പത്രപ്രവര്‍ത്തക ജാനിസ് സെക്യൂറ, നടി റിമി സെന്‍ എന്നിവര്‍ രംഗത്ത് വന്നിട്ടുണ്ട്. ജാനിസ് ആ സമയത്ത് ഹോണ്‍ ഒ.കെ പ്ലീസിന്റെ സെറ്റില്‍ ഉണ്ടായിരുന്നു. സംഭവങ്ങള്‍ക്കെല്ലാം താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്ന് ജാനിസ് വെളിപ്പെടുത്തുന്നു.
ബോളിവുഡിലെ പ്രശസ്തനായ താരം തന്നെ പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ നടന്റെ പേര് തുറന്നുപറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു.
സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടപ്പെട്ടവനാണ് അയാള്‍. സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാള്‍ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്.
കൂടെയുള്ള സ്ത്രീകളെ അയാള്‍ ക്രൂരമായി മര്‍ദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരിപോലും വരില്ല തനുശ്രീ പറഞ്ഞു.