ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.
അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.
തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിലെത്തിയപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നമിത.
താന്‍ നായികയായി എത്തിയ ആദ്യ സിനിമയായിരുന്നു പുതിയ തീരങ്ങള്‍. അതിലെ എല്ലാവരും തന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്തുവെന്നും ഒത്തിരി കംഫര്‍ട്ടാക്കി നിര്‍ത്തിയെന്നും ആ ചിത്രത്തിന് ശേഷം നേരെ പോകുന്നത് സൗണ്ട് തോമ എന്ന ചിത്രത്തിന്റെ സെറ്റിലേക്കായിരുന്നുവെന്നും നമിത പറയുന്നു.
അവിടെ എല്ലാവരും ഭയങ്കര പ്രൊഫഷണലായിരുന്നു. തനിക്ക് ആദ്യ ദിനം ആ സെറ്റിലെത്തിയപ്പോഴേ അത് ഫീല്‍ ചെയ്തുവെന്നും ഷൂട്ടിനായി ആദ്യ ദിവസം എത്തിയപ്പോള്‍ ആദ്യം കടന്നത് സോങ് ഷൂട്ടിങ്ങിലേക്കാണെന്നും അന്ന് ശരീരമാകെ വേദനയായിരുന്നുവെന്നും നമിത പറയുന്നു.
മൂന്നാം ദിവസമായപ്പോള്‍ ആകെ അവശയായി. ദിലീപേട്ടന്‍ ചാടി വരുന്ന സ്റ്റെപ്പുണ്ടായിരുന്നുവെന്നും അതില്‍ നേരെ ചാടി വന്ന് തുള്ളിയത് തന്റെ കാലിലേക്കായിരുന്നുവെന്നും തന്റെ ചെറുവിരല്‍ ഒടിഞ്ഞുവെന്നും ഇപ്പോഴും തനിക്ക് ആ വിരല്‍ മടക്കാന്‍ കഴിയില്ലെന്നും അന്ന് അതൊന്നും ശ്രദ്ധിക്കാതെ വേദനയും സഹിച്ചുവെന്നും നമിത പറയുന്നു.