ഓണം റിലീസായി എത്തി മുൻനിര ചിത്രങ്ങളെയെല്ലാം തൂക്കി അടിച്ചിരിക്കുകയാണ് ആർഡിഎക്സ്. വൻഹൈപ്പിലെത്തിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനായി ആർഡിഎക്സ് എത്തിയപ്പോാൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.
എന്നാൽ വൻതാരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളിൽ മികച്ചപ്രതികരണം ലഭിച്ചത് ആർഡിഎക്‌സിനായിരുന്നു. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആർഡിഎക്സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വൻവിജയമാണ് നേടിയത്.
പുതുമുഖ സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രം നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോളാണ്. താൻ ഈ ചിത്രത്തിലേക്ക് എത്തിയത് സോഫിയ പോൾ എന്ന നിർമാതാവ് തന്നിൽ വിശ്വാസം അർപ്പിച്ചതുകൊണ്ടാണെന്നും താൻ ആ ഉത്തരവാദിത്വം നിറവേറ്റിയെന്നും പറയുകയാണ് നഹാസ്.
സിനിമ വിജയിക്കേണ്ടത് പുതുമുഖ സംവിധായകനെന്ന നിലയിൽ തന്റെ ആവശ്യമായിരുന്നുവെന്നും എങ്കിലേ നാളെ ഒരു പത്ത് പുതുമുഖ സംവിധായകന്മാർ വരുമ്പോൾ അവർക്കും സോഫിയ കൈ കൊടുക്കുകയുള്ളു എന്നും നഹാസ് പറയുന്നു.
കഠിനധ്വാനമാണ് വിജയത്തിലെത്തിക്കുക എന്നും നഹാസ് പറയുന്നു. ചെറുപ്പക്കാരോട് പറയാനുള്ളത് നിങ്ങൾ ഈ ലക്കിലൊക്കെ വിശ്വസിച്ച് തലവര തെളിയുമെന്നൊക്കെ പറഞ്ഞിരിക്കാതെ ഹാർഡ് വർക്ക് ചെയ്‌തോണ്ടിരിക്ക് എന്നാണെന്നുമാണ് സൈന സൗത്ത് പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ നഹാസ് പറയുന്നത്.
നിങ്ങളുടെ ആഗ്രഹം സ്‌ട്രോങ്ങ് ആണെങ്കിൽ അവിടെയെത്തും. ലോകേഷ് ഒക്കെ പറയുന്നതുപോലെ ഇറങ്ങിയ പടത്തിന് നൂറ്റമ്പത് രൂപ കൊടുത്തവർക്കുള്ള പടമാണ് നമ്മൾ കൊടുക്കേണ്ടത്. നമ്മൾ അവരെ പറ്റിയാണ് ചിന്തിക്കേണ്ടതെന്നും
ഒരു കുടുംബം തിയേറ്ററിൽ വന്ന് പടം കാണുക എന്ന് പറഞ്ഞാൽ അതിന് ഇത്തിരി എഫേർട്ട് ഇടണം. ഒടിടിയിൽ കാണാൻ ഇത്രയും പാടില്ല. അവർ അത്രയും മെനക്കെട്ട് വരുകയാണ്. ആഗ്രഹിച്ച ഒരു പടം കൂടെ കൊടുത്താൽ അവർ ഇനിയും വരും. ഇല്ലെങ്കിൽ പിന്നെ ഒരു മൂന്നു നാല് പടം കഴിയുമ്പോൾ അവർ പറയും ടി.വിയിൽ വരത്തില്ലേ അപ്പോൾ കണ്ടാൽ പോരെ എന്ന്. ആ തീരുമാനത്തിലേക്ക് അവർ പോവാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നാണ് നഹാസ് പറയുന്നത്.
ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ എന്നെ കണ്ട്രോൾ ചെയ്ത് കഴിഞ്ഞാൽ പിന്നെ ഈ സിനിമയില്ല എന്നൊക്കെ മാഡത്തോട് പറഞ്ഞിരുന്നു. മാഡം എന്നെ ട്രസ്റ്റ് ചെയ്തു. ഇത്ര ബജറ്റിൽ തീർത്തിരിക്കും. അതിന്റെ അപ്പുറത്തേക്ക് പോവാതെ നോക്കുക എന്നത് ഉത്തരവാദിത്തമാണ്. അതിന് ഫ്രീഡം തരണം തുടങ്ങിയ കാര്യങ്ങളൊക്കെ ആദ്യമേ പറഞ്ഞിരുന്നു.
ഇത് തിയേറ്ററിക്കൽ സിനിമയാണ്, ഇങ്ങനെ എടുത്താലെ ഇത് വർക്ക് ഔട്ട് ആവുകയുള്ളൂ, അതിന്റെ സ്‌കെയിൽ ഇതായിരിക്കും, മാഡം ഇതിന് പത്തു മുതൽ പതിനൊന്നു വരെ ചിലവ് വരും, നമുക്ക് ഇത്രയും ആർടിസ്റ്റിനെ വേണം, അൻപറിവിനെ പോലെയുള്ള ആളുകളെ കൊണ്ട് വരണം, സാം സി.എസിനെ പോലുള്ള ആളുകളെ വേണം എന്നൊക്കെ ആദ്യമേ ഓപ്പൺ ആയി പറയണം.
എനിക്കും ഇവിടെ നിൽക്കണം മാഡത്തിനും ഇവിടെ നിൽക്കണം. ഇവിടെ ഞാൻ പ്രൂവ് ചെയ്താൽ മാഡം ഇനിയും പത്തുപേർക്ക് കൈകൊടുക്കും. ഇവിടെ ഞാൻ പരാജയപ്പെട്ടാൽ ഇനി പുതുമുഖങ്ങൾക്ക് കൈ കൊടുക്കില്ലായിരിക്കുമെന്നും നഹാസ് പറഞ്ഞു.