ഇന്ത്യൻ സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് യേശുദാസ്. ഗാനഗന്ധർവനെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞേ മലയാളിക്ക് മറ്റൊരു ഗായകനുള്ളു. വയസ്സ് 70 ലധികമായെങ്കിലും സംഗീത ലോകത്തെ നിറ സാന്നിധ്യമാണ് അദ്ദേഹം. ഇതിനെല്ലാം കാരണമായി അദ്ദേഹം പറയുന്നത് കൃത്യനിഷ്ടയോടുള്ള തന്റെ ജീവിത രീതികളാണ്.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കൈരളി ടിവിക്ക് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. തന്റെ ജീവിത രീതികളെ കുറിച്ചാണ് അദ്ദേഹം അതിൽ സംസാരിക്കുന്നത്. യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ; ‘ഞാൻ മദ്യപിക്കുമോ എന്നത് ഇപ്പോഴും വിശ്വസിക്കാത്ത ആളുകളുണ്ട്. ചെറിയ പ്രായത്തിൽ ഡോക്ടറെ കാണാൻ പോകുമ്പോൾ ടോണിക് എഴുതി തന്നാൽ അതിൽ ആൽക്കഹോൾ കണ്ടന്റ് ഉണ്ടെങ്കിൽ വേണ്ടെന്ന് പറയുമായിരുന്നു. എനിക്കതിലൂടെ എന്തോ ഇറിറ്റേഷൻ ഉണ്ടാവുന്നുണ്ടെന്നാണ് പറഞ്ഞത്. അതിനോടുള്ള വെറുപ്പ് കൊണ്ടല്ല. എതോ ഒരു ശക്തി ആദ്യം മുതലേ എന്നെ ഇതിൽ നിന്നും പിന്മാറ്റാനുള്ള പ്രവണത തന്നിട്ടുണ്ട്.
നമ്മളെ കൊണ്ട് തെറ്റ് ചെയ്യിപ്പിക്കുന്നതും ചെയ്യിപ്പിക്കാതെ ഇരിക്കുന്നതും അവൻ തന്നെയാണോ എന്ന് ചില സമയത്ത് എനിക്ക് വല്ലാതെ സംശയം വരുമായിരുന്നു. നിഷ്ടകൾ നമ്മൾ വരുത്തുന്നതല്ല, താനേ വരുന്നതാണ്.ഞാനും മനുഷ്യനല്ലേ, എനിക്കും ചില വീക്ക്നെസുകളൊക്കെ ഉണ്ട്. സംഗീതത്തിനോട് എനിക്ക് കൂടുതൽ പ്രേമവും ഭ്രമവവുമൊക്കെ വന്നതോടെ ഭക്ഷണരീതികളിൽ പോലും മാറ്റം വരുത്തി. എന്റെ തൊണ്ടയ്ക്ക് ഇഷ്ടമില്ലാത്ത, അതല്ലെങ്കിൽ പാടുമ്പോൾ ബുദ്ധിമുട്ടോ അസുഖം വരുത്തുന്നതോ ആയ ഭക്ഷണം ഞാൻ തൊടില്ല. അങ്ങനെ പോയി പോയി, ഒരേ തരത്തിലേക്ക് എത്തി നിൽക്കുകയാണ്. ആ ഭക്ഷണത്തിലൂടെ എനിക്ക് കിട്ടുന്ന സുഖം ഇല്ലാതായെങ്കിലും ഞാൻ പാടി കഴിയുമ്പോൾ മറ്റുള്ളവർക്ക് കിട്ടുന്ന സുഖമാണ് എന്റെ ലഹരി.
എന്റെ ഗുരു ചെമ്പൈ പറയുന്നത് തൊണ്ടയെന്ന് പറയുന്നത് പിച്ചള പാത്രമാണ്. സ്വർണമല്ല. സ്വർണപാത്രമാണെങ്കിൽ ഒച്ച കുറവാണ്. എന്നാൽ പിച്ചള പാത്രത്തിന് ഒച്ച കൂടും. തൊണ്ടയുടെ കാര്യം ശ്രദ്ധിക്കണമെന്നാണ് ഗുരു ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും,’ യേശുദാസ് പറഞ്ഞു.’നീയെന്റെ രണ്ടാമത്തെ ഭാര്യയാണെന്നാണ് ഞാൻ ഭാര്യ പ്രഭയോട് പറയാറുള്ളത്. ആദ്യത്തെ ഭാര്യ സംഗീതമാണ്. അതവൾ അംഗീകരിച്ചു. അതിലെ എന്റെ ആത്മാർഥയും അതുപോലെ പ്രഭയും സംഗീതത്തെ ഇഷ്ടപ്പെടുന്ന ആളാണ്.
കുടുംബത്തിൽ നിഷ്ട ഇല്ലെങ്കിൽ അവിടെ തകരാറ് വരും. അപ്പോൾ എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ വേറെ സ്ഥലത്തേക്ക് പോകേണ്ടി വരും. അതും വന്നേക്കാം. മനുഷ്യനാണല്ലോ. കലാകാരനായത് മാത്രമല്ല ദൈവം എന്നെ അനുഗ്രഹിച്ചതിൽ പ്രധാനപ്പെട്ടത് എന്റെ കുടുംബമാണ്. എന്റെ അമ്മയെ പോലെയാണ് ഭാര്യയും. ഏകദേശം അതേ അമ്മയുടെ അനുഗ്രഹങ്ങളെല്ലാം പ്രഭയ്ക്കും കിട്ടിയിട്ടുണ്ട്.