ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് ഇന്ത്യൻ സിനിമയിൽ അവിഭാജ്യഘടകമായി മാറിയ നടിയാണ് ജയപ്രദ. ചെറുപ്പം മുതൽ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്ന താരം തന്റെ പതിനാലാമത്തെ വയസ്സിൽ അരങ്ങിൽ അവതരിപ്പിച്ച നൃത്തം കണ്ട് സംവിധായകനായ കെബി തിലകാണ് ജയയെ സിനിമയിലേക്ക് കൈപ്പിടിച്ചു കൊണ്ടു വരുന്നത്. ഭൂമികോസം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലാണ് താരം അന്ന് അഭിനയിച്ചത്.
മൂന്ന് മിനിറ്റ് നീണ്ട് നിന്ന ആ വേഷം ശ്രദ്ധിക്കപ്പെട്ടു. വീട്ടുക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് താരം അഭിനയിക്കാൻ തുടങ്ങിയത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകൾ ജയപ്രദയെ തേടിയെത്തി. സിനിമക്ക് പുറമേ ആന്ധ്രാപ്രദേശിലെ പ്രശസ്ത നടനും തെലുഗുദേശം പാർട്ടിയുടെ സ്ഥാപക നേതാവുമായ എൻ.ടി. രാമറാവുവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്ന ജയപ്രദ പിൽക്കാലത്ത് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ചന്ദ്രബാബു നായിഡുവിനൊപ്പം നിലയുറപ്പിച്ചു. 1996-ൽ ജയപ്രദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം തെലുഗുദേശം പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. 2004-ലെ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ രാംപൂർ മണ്ഡലത്തിൽ നിന്നും 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം 30,931 ആയി കുറഞ്ഞു.
ഇപ്പോഴിതാ അടുത്തിടെ നല്കിയ അഭിമുഖത്തിൽ താൻ ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ ലഭിച്ച പ്രതിഫലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. തനിക്ക് ആദ്യം ലഭിച്ച പ്രതിഫലം പത്ത് രൂപയായിരുന്നു എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആദ്യ ചിത്രത്തിലേതു ചെറിയ റോളായിരുന്നു. മാത്രമല്ല ഞാനന്നു കുട്ടിയുമായിരുന്നു.
സിനിമയിൽ അഭിനയിച്ചാൽ ഇത്ര രൂപ കിട്ടും. അല്ലെങ്കിൽ പണം ചോദിച്ചു വാങ്ങണം എന്നൊന്നും അറിയില്ല. അവർ പറഞ്ഞതുപോലെ അഭിനയിച്ചു. കുട്ടിയല്ലേ ആദ്യമായി ചെയ്ത വർക്കല്ലേ എന്നൊക്കെ പറഞ്ഞു തന്ന രൂപ വാങ്ങി. പക്ഷേ, എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ സിനിമ എന്നാണ് ജയ പറഞ്ഞത്.