കൊല്ലത്ത് നിന്നും ആറുവയസ്സുകാരിയെ കാണാതായ സംഭവം കേരളക്കരയെ നടുക്കിയിരുന്നു. അബിഗേല്‍ സാറ റെജി എന്ന കുഞ്ഞിനെയായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്. അബിഗേല്‍ സുരക്ഷിതയായി തിരിച്ചെത്താനുള്ള പ്രാര്‍ത്ഥനയിലായിരുന്നു മലയാളികള്‍.
ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി കുഞ്ഞ് സുരക്ഷിതയായി തന്നെ കഴിഞ്ഞ ദിവസം തിരിച്ചെത്തി. നാടെങ്ങും വലിയ സന്തോഷത്തിലായിരുന്നു അബിഗേലിനെ തിരിച്ചുകിട്ടിയതില്‍. കൊല്ലം ആശ്രാമം മൈതാനത്താണ് ചിലര്‍ കുഞ്ഞിനെ കണ്ടത്.
പിന്നീട് നാട്ടുകാര്‍ കുഞ്ഞിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്‌ററാണ് ശ്രദ്ധനേടുന്നത്. അബിഗേലിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ കാണാന്‍ എത്തിയതായിരുന്നു മുകേഷ്.
കുട്ടിയെ എടുത്ത് കൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച മുകേഷ് നമ്മുടെ മോള്‍ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ മോള്‍ സന്തോഷവതിയാണെന്നും തന്റെ മണ്ഡലത്തിലെ ആശ്രാമം മൈതാനത്താണ് അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നും മുകേഷ് പറയുന്നു.
ഇനി മുന്നോട്ട് പോയാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാവാം അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കുഞ്ഞിന് ചെറിയ പോറല്‍ പോലുമില്ലെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ഫലമാണിതെന്നും ഇതിന് പിന്നിലുള്ള എല്ലാവരെയും പിടി്ക്കുമെന്നും മുകേഷ് പറയുന്നു.