എംടി വാസുദേവൻ നായർ രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് രംഗത്തെത്തിയത് സം വിധായകൻ ശ്രീകുമാര്‍ മേനോന് തിരിച്ചടിയായി. ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്. ഈ ചിത്രത്തിനുശേഷം സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. ഒടിയന്റെ ബ്രഹ്മാണ്ഡ ട്രെയിലർ റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.
ആയിരം കോടി രൂപ ചെലവില്‍ രണ്ടു ഭാഗങ്ങളിലായിട്ട് രണ്ടാമൂഴം നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 2020ന് തിയറ്ററുകളില്‍ എത്താന്‍ പാകത്തിന് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെയാണ് എംടി വാസുദേവന്‍നായര്‍ തിരക്കഥ തിരിച്ചുതരണമെന്നാശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്.
മോഹന്‍ലാല്‍ നായകനായ ഏകദേശം അമ്പത് േകാടിയോളം ചെലവ് വരുന്ന ഒടിയന് എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന് തിരക്കുകളിലായിരുന്നു. ഇതോടെയാണ് രണ്ടാമൂഴം സിനിമയാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയത്. ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും കരാര്‍ കഴിഞ്ഞിട്ടും ഒരു വര്‍ഷം കൂടി അദ്ദേഹത്തിന് സമയം നീട്ടി നല്‍കിയെന്നും എംടി ഹര്‍ജിയില്‍ പറയുന്നു.
മൂന്ന് വര്‍ഷം മുന്‍പ് നല്കിയ തിരക്കഥ ഇതുവരെയും സിനിമയാക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ല. ഈ ഒരു സാഹചര്യത്തിലും സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാന്‍ ശ്രീകുമാര്‍ തയ്യാറായില്ല. മുന്‍കൂറായി വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും എംടി ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ഒടിയന് സനിമയുമായി ബന്ധപ്പെട്ട് നിരന്തരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അപ്ഡേഷന് നല്കുന്ന ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം സിനിമയെക്കുറിച്ച് ഇതുവരെ മനസു തുറന്നിട്ടില്ല. തുടങ്ങാന്‍ പോകുന്ന വന്‍ ബജറ്റ് ചിത്രത്തെകുറിച്ചോ , കാസ്റ്റിംഗിനെ കുറിച്ചോ അണിയറക്കാരെ കുറിച്ചോ യാതൊരുവിവരവും പുറത്തുവിടുന്നുമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് എംടിയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
അതേസമയം സിനിമയില്‍ പ്രധാന കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന മോഹന്‍ലാലാകട്ടെ ഒടിയനുശേഷം രണ്ടു സിനിമകള്‍ക്കാണ് ഡേറ്റ് നല്‍കിയത്. നൂറ് കോടി ബജറ്റില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം, സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്നിവയാണ് അവ.
അതായത് രണ്ടാമൂഴം അടുത്തൊന്നും തുടങ്ങാന്‍ പോകുന്നില്ലെന്ന് ലാലിന് മനസിലായിരുന്നുവെന്നാണ് സിനിമാവൃത്തങ്ങള്‍ നല്കുന്ന സൂചന. ഇതും തിരക്കഥ തിരിച്ചുവാങ്ങാന്‍ എംടിയെ പ്രേരിപ്പിച്ചതായാണ് അറിയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ തിരക്കഥ തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചുവെന്ന പ്രതികരണം മാത്രമാണ് എംടി നടത്തിയത്. ഹര്‍ജിയില്‍ നിന്നും പിന്മാറാനുള്ള സാധ്യതയും വിരളമാണ്.
ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് രണ്ടാമൂഴം തിരക്കഥയാക്കിയതെന്നായിരുന്നു എംടി തിരക്കഥ കൈമാറുമ്പോള്‍ പറഞ്ഞിരുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്ക്കുന്നതല്ല ഈ കഥ.
ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. രണ്ടാമൂഴം അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നായിരുന്നു സംവിധായകന് നല്കിയ ഉറപ്പെന്നും എംടി പറഞ്ഞിരുന്നു. ഈ ഒരു വിശ്വാസത്തിനാണ് ഇപ്പോള്‍ ഇടിവു തട്ടുകയും തിരക്കഥ തിരിച്ചുവാങ്ങാന്‍ എംടി തീരുമാനിക്കുകയും ചെയ്തത്.