മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ത്രയങ്ങളായിരുന്നു മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍. എന്നാല്‍ ഈ ഗണത്തില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീട് സുരേഷ് ഗോപിക്ക് മലയാളത്തില്‍ സിനിമകളും കുറഞ്ഞു. മലയളത്തിലെ തിളയ്ക്കുന്ന പൗരുഷത്തിന്റെ പ്രതീകമായിരുന്നു സുരേഷ് ഗോപി.
സിനിമയില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ പിന്മാറ്റം അദ്ദേഹത്തിന്റെ ആരാധകരെ അതിശയിപ്പിച്ചു. എന്നാല്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നെന്ന് സുരേഷ് ഗോപി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ രക്ത പരിശോധന ഉപകരണമായ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറിന്റെ സമര്‍പ്പണവും ഉദ്ഘ്ടാനവും നിര്‍വഹിച്ച് സംസാരിക്കവേയായിരുന്നു താരം ഇത് പറഞ്ഞത്. എംപി ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ മുടക്കിയാണ് ഈ ഉപകരണം വാങ്ങിയത്.
സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കോടീശ്വരനില്‍ അവതാരകനായി എത്തുന്നത്. പരിപാടി ഹിറ്റായി. എന്നാല്‍ അത് ചില സിനിമ പ്രവര്‍ത്തകര്‍ക്ക് പിടിച്ചില്ല. അത് അവര്‍ പ്രകടപ്പിക്കുകയും ചെയ്തു. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും സുരേഷ് ഗോപി കോടീശ്വരന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന കോടീശ്വരന്‍ വേണ്ടന്നും വയ്ക്കാന്‍ താരം തയാറായില്ല. അതോടെ സിനിമകളില്‍ അഭിനയിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
സിനിമ വേണ്ടന്ന് വച്ചാണ് സുരേഷ് ഗോപി കോടീശ്വരനില്‍ സജീവമായത്. സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കയിവരോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ള ‘ഞെക്കി കൊന്നോളു പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുത്.’ തമാശ രൂപേണയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ കോടീശ്വരനിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്‌നങ്ങളുമറിഞ്ഞു. ആ പ്ലാറ്റ്‌ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ നഷ്ടപ്പെട്ടതില്‍ വേദനയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തുകയാണ് സുരേഷ് ഗോപി. സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് മടങ്ങിവരവ്. കസബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രണ്‍ജി പണിക്കരാണ്. തുടര്‍ന്ന് കമ്മീഷ്ണറുടെ മൂന്നാം ഭാഗത്തിലും താരം നായകനാകും.