വളരെ സാധാരണചിത്രങ്ങൾ എന്ന് തോന്നിപ്പിക്കും ചില സിനിമകൾ . എന്നാൽ അവ തിയേറ്ററുകളിലെത്തുമ്പോൾ നമ്മെ വിസ്മയിപ്പിക്കും.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, പ്രേമം തുടങ്ങിയവ അത്തരം സിനിമകളായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ആ സിനിമകളിൽ നിന്ന് ലഭിച്ചപ്പോൾ അവ ചരിത്രമായി.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യാണ് മലയാളത്തിലെ അടുത്ത ദൃശ്യമാകാൻ പോകുന്നത്. ഒരു സാധാരണ ചിത്രമെന്ന കെട്ടിലും മട്ടിലുമാണ് ആ സിനിമ ഒരുങ്ങുന്നത്.
ഒരു പബ്ലിസിറ്റി ഗിമ്മിക്കും ആ സിനിമയ്ക്കില്ല. നിശബ്ദമായാണ് അത് വരുന്നത്. ഹൈപ്പില്ല, ആരവങ്ങളില്ല. ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതുപോലും തികച്ചും സാധാരണമായ ഒരു കോമഡിച്ചിത്രത്തിന്റെ പാറ്റേണ്ടിലാണ്.
എന്നാൽ ഇതൊന്നുമല്ല ‘ഉണ്ട’ എന്നതാണ് യാഥാർത്ഥ്യം. തിയേറ്ററുകളിൽ ഈ സിനിമ കണ്ട് പ്രേക്ഷകർ ഞെട്ടിത്തരിക്കാൻ പോകുകയാണ്.
ശ്യാം കൌശലിന്റെ തകർപ്പൻ ആക്ഷൻ സീക്വൻസുകളുള്ള ഒരു ഗംഭീര ത്രില്ലറായിരിക്കും ഈ സിനിമ. കോമഡിയുടെ പുറംചട്ടയിലെത്തുന്ന ചിത്രം മലയാള സിനിമാലോകത്ത് പുതിയ അത്ഭുതമായി മാറുമെന്നാണ് സൂചന.
നക്സൽ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ഉണ്ട’ വടക്കൻ സംസ്ഥാനങ്ങളിലെ രക്തരൂഷിത പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്.
വെടിയുണ്ടകൾ വിധി തീരുമാനിക്കുന്ന ഇടങ്ങളിൽ കേരളത്തിൽ നിന്നുള്ള ഒരു പൊലീസുകാരൻറെ പ്രതികരണങ്ങളും അതിജീവനവുമാണ് ചിത്രത്തിൻറെ ഹൈലൈറ്റ്.
ഈദിന് പ്രദർശനത്തിനെത്തുന്ന ഉണ്ടയുടെ സംഗീതം പ്രശാന്ത് പിള്ളയാണ്. ഛത്തീസ്ഗഡ് ആണ് പ്രധാന ലൊക്കേഷൻ. കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിലും ഈ സിനിമ ചിത്രീകരിച്ചു.