മലയാളി മനസ്സിൽ നോവായി മറഞ്ഞ താരമാണ് സുഭി സുരേഷ്. മിമിക്രി വേദികളിൽ നിന്നും മിനിസ്‌ക്രിനിലേക്കും, ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ച താരം മലയാളികളുടെ സ്വന്തം സുബിയായി. തന്റെ കരൾ മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടയിലാണ് സുബി ഈ ലോകം വിട്ട് വിടപറഞ്ഞത്. മലയാളികൾക്ക് ഒന്നും തന്നെ ആ വാർത്ത ആദ്യം വിശ്വസിക്കുവാൻ സാധിച്ചില്ല. മരിക്കുമ്പോൾ 41 വയസ്സായിരുന്നു സുബിക്ക്.
ഇപ്പോഴിതാ സുബിയുടെ മരണശേഷം ആദ്യമായി ഒരു പരിപാടിയിൽ എത്തിയിരിക്കുകയാണ് സുബിയുടെ അമ്മ. അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും ഷോയിലാണ് അമ്മ എത്തിയിരിക്കുന്നത്. വേദിയിൽ സുബിയെ കുറിച്ച് അമ്മ സംസാരിക്കുന്നതിന്റെ പ്രോമോ വീഡിയോ ഇപ്പോൾ വൈറലാവുകയാണ. വികാരഭരിതയായാണ് അമ്മയുടെ വാക്കുകൾ.
‘നമുക്കൊരു വീടുണ്ട്. അത് വിറ്റിട്ടാണേലും ഞാൻ നിന്നെ ചികിത്സിക്കും. എനിക്ക് നിന്നെ തിരിച്ച് കിട്ടിയാൽ മതി. നീ ധൈര്യമായിട്ടിരിക്ക്. നിന്നെ ഞാൻ ഇവിടുന്ന് കൊണ്ടുപോയിരിക്കും എന്നൊക്കെ പറഞ്ഞു’, പക്ഷേ കൊണ്ടുപോവാൻ എനിക്കങ്ങനെ പറ്റിയില്ലെന്ന് പറഞ്ഞ് കരയുകയാണ് അമ്മ വീഡിയോയിൽ. ‘ഇവിടത്തെ നഴ്സുമാർ ശരിയല്ല, ഫുഡും പ്രശ്നമാണ്. അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്നും കൊണ്ട് പോവണമെന്ന് സുബി പറഞ്ഞിരുന്നു. പക്ഷേ ആ രണ്ടാം ദിവസം വന്നത് നടന്നല്ല, കിടന്നാണ്’, എന്നും സുബിയുടെ അമ്മ പറയുന്നുണ്ട്.
അതേസമയം എല്ലാ അഭിമുഖങ്ങളിലും സുബി അമ്മയെ കുറിച്ചാണ് വാചാലയാവാറുള്ളത്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്മയെന്ന് താരം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമ്മയെ കണ്ടാൽ നിങ്ങൾ ചേച്ചിയും അനിയത്തിയും ആണോ എന്നാണ് പലരും ചോദിക്കാറുള്ളതെന്ന് സുബി തമാശയായി പറയാറുണ്ട്.
ഏത് കാര്യത്തെ കുറിച്ചും അമ്മയോട് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്ത് കള്ളത്തരം ചെയ്താലും അമ്മ അത് കണ്ടു പിടിക്കും. എനിക്കൊരു പ്രേമം വന്നാൽ പോലും അമ്മക്ക് മനസ്സിലാവും എന്നതാണ് സത്യം. എന്റെ ബെസ്റ്റ് ബഡ്ഡിയാണ് അമ്മ. കൂട്ടുക്കാരെ പോലെയാണ് ഞങ്ങൾ നടക്കാറ് എന്നാണ് സുബി പറഞ്ഞിട്ടുള്ളത്.