ഫുട്‌ബോള്‍ ആരാധകര്‍ എന്നും വാഴ്ത്തിയിരുന്ന പേരുകളാണ് മെസിയും റൊണാള്‍ഡോയും. എന്നാല്‍, അടുത്ത കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന് ജീവന്‍ പകര്‍ന്ന് പുതിയ താരോദയം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ താരത്തെ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന് കരുത്ത് പകര്‍ന്ന സുനില്‍ ഛേത്രി ലോകം തന്നെ കീഴടക്കിയിരിക്കുകയാണ്. ഫുട്‌ബോളില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കുതിപ്പിന് പ്രധാന കാരണം നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഛേത്രിയുടെ സംഭാവനകള്‍ തന്നെയാണ്.
ഇന്ന് മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ നേരുന്ന ഇന്ത്യയിലെ കായിക പ്രേമികള്‍ക്കൊപ്പം ഫുട്‌ബോള്‍ ഇതിഹാസത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും രംഗത്തെത്തി. ട്വിറ്ററിലാണ് മോഹന്‍ലാല്‍ താരത്തിന് ആശംസ അറിയിച്ചത്. ‘ഹാപ്പി ബര്‍ത്ത്‌ഡേ സുനില്‍ ഛേത്രി’ എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മോഹന്‍ലാല്‍ ഇന്നു രാവിലെ ട്വീറ്റ് ചെയ്തത്.
എന്നാല്‍ മോഹന്‍ലാലിന്റെ ട്വീറ്റിനെക്കാള്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിന് ഛേത്രി നല്‍കിയ മറുപടിയാണ്. ‘താങ്ക് യു ലാലേട്ടാ’ എന്നായിരുന്നു മോഹന്‍ലാലിന് ഛേത്രിയുടെ മറുപടി. മലയാള സിനിമയിലെ നടന വിസ്മയമായ മോഹന്‍ലാലിനെ ഏഷ്യ മുഴുവന്‍ അറിയപ്പെടുന്ന താരമായ സുനില്‍ ഛേത്രി ലാലേട്ടാ എന്നു വിളിച്ചത് മോഹന്‍ലാല്‍ ആരാധകര്‍ക്കും കേരളത്തിനും ആവേശമായി. എന്തായാലും മോഹന്‍ലാലിന്റെ ട്വീറ്റും ഛേത്രിയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Happy Birthday @chetrisunil11 #HappyBirthdaySunilChhetri pic.twitter.com/5tUxDsYxCM
— Mohanlal (@Mohanlal) 3 August 2018
Thank you so much, Laletta!
— Sunil Chhetri (@chetrisunil11) 3 August 2018
നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്ന താരങ്ങളില്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സുനില്‍ ഛേത്രി. മെസിയും റൊണാള്‍ഡോയും മാത്രമാണ് ഇന്ത്യക്കു വേണ്ടി 64 ഗോളുകള്‍ നേടിയ ഛേത്രിക്ക് മുന്നിലുള്ളത്. അടുത്തിടെ ഛേത്രിയുടെ കരുത്തില്‍ ഇന്ത്യ ഇന്റര്‍കോണ്ടില്‍ കപ്പ് സ്വന്തമാക്കിയിരുന്നു. 34 വയസായെങ്കിലും മെസിയെയും റൊണാള്‍ഡോയെയും പോലെ തന്നെ കളത്തിലെ പ്രകടനത്തിലും പോരാട്ടവീര്യത്തിനും ഒരു കുറവും ഇന്ത്യന്‍ താരത്തിന് സംഭവിച്ചിട്ടില്ല.
ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഛേത്രി ഇനിയും വര്‍ഷങ്ങളോളം കളിക്കളത്തില്‍ തുടരണമെന്നാണ് പിറന്നാള്‍ ആശംസക്കൊപ്പം ആരാധകരുടെയും പ്രാര്‍ത്ഥന.