നിരവധി മലയാള ചിത്രങ്ങളില്‍ ഭാഗമായ നടനാണ് ടി പി മാധവന്. ഇതുവരെ അറുനൂറിലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 40ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ അദ്ദേഹത്തിന്റെ ആദ്യചിത്രം രാഗം ആയിരുന്നു. ഈ ചിത്രം 1975 ലാണ് പുറത്തിറങ്ങിയത്.
സിനിമയില്‍ മാത്രമല്ല, സീരിയിലിലും താരം നിറസാന്നിധ്യമായിരുന്നു. മുമ്പ് സിനിമ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ‘അമ്മ’ യുടെ സെക്രട്ടററി ആയിരുന്നു ടിപി മാധവന്. മലയാളികളെ ചിരിപ്പിച്ച ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം ഇപ്പോള്‍ ആരോരുമില്ലാതെ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്.
മാധവന് സുധയെയാണ് വിവാഹം ചെയതത്. എന്നാല്‍ ഈ ബന്ധം അധികകാലം തുടര്‍ന്നില്ല. ഇവര്‍ക്ക് ഒരു മകന് ഉണ്ട്, ഇന്ന് ബോളിവുഡില്‍ അറിയപ്പെടുന്ന പ്രമുഖ സംവിധായകരില്‍ ഒരാളായ രാജാകൃഷ്ണ മേനോന് ആണ് മാധവന്റെയും സുധയുടെയും മകന്.
അഭിനയ മോഹം കാരണം ഒരുകാലത്ത് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് പോയ അദ്ദേഹം ഇപ്പോള്‍ കൊല്ലം ജില്ലയിലുള്ള ഗാന്ധിഭവന് വയോധിക മന്ദിരത്തിലാണ് ജീവിക്കുന്നത്. അതിനിടെ അദ്ദേഹം തന്റെ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണണമെന്നാണ് ആഗ്രഹമെന്നും മകന് തന്നെ കാണാനെത്തുമെന്ന് ആഗ്രഹിക്കുന്നെന്നും അന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍,് രണ്ടര വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ച് പോയ അച്ഛനെ കാണേണ്ടെന്നാണ് മകന് പ്രതികരിച്ചത്.
ഇപ്പോഴിതാ മുന്‍പ് ടിപി മാധവന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്. താരസംഘടനയായ അമ്മയുടെ ആദ്യ കാലത്ത് സെക്രട്ടറിയായിരുന്നു ടിപി മാധവന്.
അക്കാലത്ത് തലച്ചോറിനെ ബാധിക്കുന്ന ഒരു അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആശുപത്രിയില്‍ കഴിയുകയായിരുന്ന തന്നെ കാണാന്‍ മോഹന്‍ലാല്‍ വന്നിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ബോധമില്ലാതെ വീണ തന്നെ ഫ്ലാറ്റിലെ സെക്യൂരിറ്റിയും എല്ലാവരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് താരം പറയുന്നത്. അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു ഒരു ലക്ഷം രൂപ എത്രയും പെട്ടന്ന് കൊണ്ടുവന്ന് അടച്ചാലെ ജീവന് രക്ഷിക്കാന്‍ പറ്റുൂവെന്ന്. അങ്ങനെ ഈ വിവരമറിഞ്ഞ് ലോട്ടസ് ക്ലബ്ബിലെ അംഗങ്ങളെല്ലാം വന്ന് ഒരു ലക്ഷം രൂപ അടയ്ക്കുകയായിരുന്നു.
താനും ആ ക്ലബ്ബിലെ അംഗമാണ്. ഉടന്‍ തന്നെ അവര്‍ ഓപ്പറേഷന് നടത്തി. ഇതൊന്നും താനറിഞ്ഞില്ല. ഓപ്പറേഷന് കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് കണ്ണ് തുറന്നതെന്നും നോക്കിയപ്പോള്‍ മോഹന്‍ലാല്‍ തന്റെ അടുത്ത് കിടക്കുന്നുണ്ടായിരുന്നു എന്നും ടിപി മാധവന് പറയുന്നു.
ഇവിടെ ഞാന്‍ ഉണ്ട് പേടിക്കേണ്ടെന്നൊക്കെ പറഞ്ഞു. നഴ്സുമാരടക്കം എല്ലാവരും ആ മുറിയില്‍ കൂടി നിന്നിരുന്നു, അവരെല്ലാം ലാലിനെ കാണാന്‍ വന്നവരാണ്. പോകാന്‍ നേരം ലാല്‍ എന്നോട് പറഞ്ഞു നാളെയും വരുമെന്ന്. ആ കടപ്പാടൊന്നും മറക്കാന്‍ കഴിയില്ലെന്നാണ് മാധവന് പറഞ്ഞത്.