മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. താരത്തിന്റെ അഭിനയ മികവിനെ വെല്ലാൻ മറ്റൊരു സൂപ്പർതാരവുമില്ല എന്നത് പലരും അടിവരയിട്ടു പറയുന്നതുമാണ്. കുസൃതി നിറഞ്ഞചിരിയും കണ്ണുകളും ശരീര ഭാഷയുമെല്ലാം ജന്മസിദ്ധമായി നടനവൈഭവം ലഭിച്ച മോഹൻലാൽ എന്ന കലാകാരന്റെ മാത്രം പ്രത്യേകതകളാണ്.
ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് പ്രശസ്തനടൻ നാസർ. ഷൂട്ടിംഗ് തീർന്ന് അന്നേദിവസം പാക്കപ്പ് പറഞ്ഞതിന് ശേഷവും പിറ്റേദിവസത്തെ ഡയലോഗ് രാത്രി 12:30 വരെ പഠിച്ചിട്ടാണ് മോഹൻലാൽ പോയതെന്നാണ് നാസർ വെളിപ്പെടുത്തിയിരിക്കുന്നത്.
പുതിയ തലമുറയിലുള്ള അഭിനേതാക്കൾ പോലും അങ്ങനെ ചെയ്യില്ലെന്നാണ് നാസർ പറയുന്നത്. പുതുതലമുറ അഭിനേതാക്കൾ അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് പോകുകയാണ് ചെയ്യുക എന്ന് താരം മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു സൂപ്പർതാരത്തിന് അപ്പുറം മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്നാണ് നാസർ പറഞ്ഞുതുടങ്ങുന്നത്. മോഹൻലാൽ കൂടെ അഭിനയിക്കുന്നവരെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ്. താൻ വലിയ താരമാണെന്ന ഭാവമോ അഹങ്കാരമോ ലവലേശം ഇല്ലെന്ന് നാസർ പറയുന്നു. താൻ മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്ത ചിത്രം മോശമായിരുന്നു അതിന് മാപ്പ് ചോദിക്കുന്നുമുണ്ട് നാസർ.
തനിക്ക് മോഹൻലാലുമായുള്ള അനുഭവം പറയാം, തങ്ങളിരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. 10:30-ന് പാക്കപ്പായി. മോഹൻലാൽ യാത്ര പറഞ്ഞ് താമസിക്കുന്ന ഹോട്ടലിൽ പോകാനായി കാറിൽ കയറിയിരുന്നു.
ഇതിനിടെയാണ് കാറിന് പുറത്ത് നിന്നിരുന്ന സഹസംവിധായകനോട് നാളെ എന്താണ് സീൻ എന്ന് മോഹൻലാൽ ചോദിക്കുന്നത്. സീൻ എന്താണെന്ന് പറഞ്ഞതിന് ശേഷം സഹസംവിധായകൻ മോഹൻലാലിനോട് പറഞ്ഞു, സാർ ഇതിൽ ഒരു വലിയ സംഭാഷണമുണ്ട്. ഉടനെ തന്നെ മോഹൻലാൽ കാറിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.
തുടർന്ന് ഒരു നോട്ട് പാഡ് സംഘടിപ്പിച്ച് ഡയലോഗ് എഴുതിയെടുത്തു. അത് പഠിച്ചതിന് ശേഷമാണ് മടങ്ങിപ്പോയത്. അപ്പോഴേക്കും സമയം ഏതാണ്ട് 12 മണിയായി. ഇങ്ങനെ പുതിയ തലമുറയിലുള്ള അഭിനേതാക്കൾ പോലും ഇങ്ങനെ ചെയ്യില്ല. അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് അവർ പോകുമെന്നാണ് നാസർ പറയുന്നത്.