മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. താരത്തിന്റെ അഭിനയ മികവിനെ വെല്ലാൻ മറ്റൊരു സൂപ്പർതാരവുമില്ല എന്നത് പലരും അടിവരയിട്ടു പറയുന്നതുമാണ്. കുസൃതി നിറഞ്ഞചിരിയും കണ്ണുകളും ശരീര ഭാഷയുമെല്ലാം ജന്മസിദ്ധമായി നടനവൈഭവം ലഭിച്ച മോഹൻലാൽ എന്ന കലാകാരന്റെ മാത്രം പ്രത്യേകതകളാണ്. അഭിനയ ജീവിതത്തിന് പുറത്തുള്ള സ്വകാര്യ ജീവിതത്തിൽ ബന്ധങ്ങൾക്ക് ഏറെ വില കൊടുക്കുന്ന വ്യക്തിയാണ് മോഹൻലാൽ.
അമ്മയോടും അച്ഛനോടുമുള്ള സ്‌നേഹത്തെ കുറിച്ച് പലതവണ താരം ബ്ലോഗുകളിൽ സൂചിപ്പിച്ചിട്ടുള്ളതാണ്. സുഹൃത്തുക്കൾക്കും സുഹൃദ് ബന്ധത്തിനും മോഹൻലാൽ ഒരുപാട് വില നൽകാറുണ്ട്.
1960 മേയ് 21ന് പത്തനംതിട്ടയിൽ വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹൻലാൽ ഇന്ന് മലടയാളികൾക്ക് പ്രിയപ്പെട്ട ലാലേട്ടനാണ്. പത്തനംതിട്ടയിൽ ജനിച്ച മോഹൻലാൽ, തന്റെ മൂന്നാമത്തെ വയസ്സിലാണ് തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലേക്ക് താമസത്തിനെത്തുന്നത്.
വിശ്വനാഥൻ നായരും ശാന്തകുമാരിയും കുഞ്ഞു ലാലുവിനെയും കൊണ്ട് എത്തുമ്പോൾ വനമേഖല പോലെ ഒറ്റപ്പെട്ടു കിടന്നിരുന്ന ആ പ്രദേശത്ത് അടുത്തെങ്ങും വീടുകളില്ലായിരുന്നു. ഇന്ന് സമാപത്തെ ഏക വീട് നോവലിസ്റ്റും കഥാകൃത്തുമായ കേശവദേവിന്റെയായിരുന്നു. തന്റെ ഏക അയൽക്കാരുമായി മോഹൻലാലിന്റെ കുടുംബം വളരെ അടുപ്പത്തിലായി. കേശവദേവിന്റെ പത്‌നി സീതാലക്ഷ്മി കേശവദേവുമായി മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ വലിയ സൗഹൃദത്തിലായി.
സീതാലക്ഷ്മി കേശവദേവിനും ശാന്തകുമാരിയമ്മയ്ക്കും ഇടയിലെ സൗഹൃദം ആഴമേറിയ ആത്മബന്ധമായി വളരുകയായിരുന്നു. മണിക്കൂറുകളോളം സംസാരിക്കുന്ന, ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാവിശേഷങ്ങളും പങ്കുവയ്ക്കുന്ന കൂട്ടുകാരികളായി ഇരുവരും മാറി.
തങ്ങളുടെ പ്രിയപ്പെട്ട ലാലു, മോഹൻലാൽ ആയി വളരുന്നതും മലയാളത്തിന്റെ അഭിമാനതാരമാവുന്നതുമൊക്കെ കണ്ട് ശാന്തകുമാരിയമ്മയെ പോലെ തന്നെ സീതാലക്ഷ്മിക്കും അഭിമാനമായി.
ഇപ്പോഴിതാ തന്റെ അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
മോഹൻലാലിനെ സീതാലക്ഷ്മി കേശവദേവ് മാതൃ തുല്യയാണ്. തിരുവനന്തപുരത്തെ വീട്ടിലെത്തുമ്പോഴെല്ലാം സീതാലക്ഷ്മിയമ്മയെ കാണാൻ മോഹൻലാൽ എത്താറുണ്ടായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം സീതാലക്ഷ്മിയമ്മയെ കാണാൻ മോഹൻലാൽ എത്തിയതിന്റെ ചിത്രങ്ങൾ സീതാലക്ഷ്മിയമ്മയുടെയും കേശവദേവിന്റെയും മകനും പ്രമേഹരോഗ വിദഗ്ധനുമായ ഡോ. ജ്യാതിദേവാണ് പങ്കുവെച്ചിരിക്കുന്നത്.
”പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോൾ… വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം,” എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് ജ്യോതിദേവ് കുറിച്ചിരിക്കുന്നത്.