മലയാളത്തിന്റെ നടനവിസ്മയമാണ് മോഹൻലാൽ. ആദ്യ ചിത്രത്തിൽ വില്ലനായി എത്തിയ താരം പിന്നീട് മലയാള സിനിമാലോകത്തിന്റെ സൂപ്പർതാരമായി. മൂന്ന് പതിറ്റാണ്ടോളമായി സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം വിവിധ സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട.്
എന്നാൽ അടൂർ ഗോപാലകൃഷ്ണനെന്ന പ്രഗത്ഭനായ സംവിധായകനൊപ്പം മാത്രം മോഹൻലാൽ സിനിമ ചെയ്തിട്ടില്ല. കൂടാതെ, അദ്ദേഹം പലപ്പോഴും മോഹൻലാലിനെ വിമർശിച്ച് സംസാരിക്കാറുമുണ്ട്. ഇതിനു മുമ്പ് ഒരിക്കൽ താൻ എന്തുകൊണ്ടാണ് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്യാത്തത് എന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു അടൂർ.
അന്ന് അടൂർ മോഹൻലാലിനെ വിമർശിച്ചത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. പല പ്രമുഖകരും അടൂരിനെതിരെ സംസാരിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അടൂർ മോഹൻലാലിനെ വിമർശിച്ചത്.
അടൂരിന്റെ വാക്കുകൾ ഇങ്ങനെ: മോഹൻലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതിൽ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാൾ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ടാകാം. എന്നാൽ തന്റെ മനസിൽ ഉറച്ച ഇമേജ് അതാണ്-എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്.
ഈ വാക്കുകൾ വലിയ വിവാദമായി മാറി, മേജർ രവി, ശാന്തിവിള ദിനേശ് എന്നിവർ അന്ന് അടൂരിനെതിരെ രംഗത്ത് വന്നു. മോഹൻലാലിനെ ഒരു ഗുണ്ടായെന്ന് വിശേിപ്പിച്ച് പബ്ലിക്കായി സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്.
‘വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിന്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്’- എന്നാണ് ഇതിനോട് മേജർ രവി പ്രതികരിച്ചത്.
താൻ മോഹൻലാലിനെ വെച്ച് സിനിമ ചെയ്തിട്ടില്ല, ചെയ്യില്ല പോലും… ഈ പറയുന്ന ആള് ആകെ ചെയ്തത് 15 ഓ 16 ഓ സിനിമകളാണ്. അതിനിടയിൽ മോഹൻലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കിൽ മോഹൻലാലിന്റെ റേഷൻ കാർഡും കട്ട് ആവും ആധാറും പോവുമെന്നാണ് ശാന്തിവിള പരിഹസിച്ചത്.
മോഹൻലാലിനെ നല്ലവനായ ഗുണ്ടാ എന്ന് പോലും… ഞാൻ ആലോചിക്കുന്നത് ഈ മനുഷ്യന് ഇത് എന്ത് പറ്റി എന്നാണ്, വയസ്സാവുമ്പോൾ ഓർമ്മപ്പിശക് വരാം. പക്ഷെ വിവരക്കേട് വരാമോ എന്നും ശാന്തിവിള ദിനേശ് ചോദ്യം ചെയ്തിരുന്നു.