മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇപ്പോഴത്തെ തലമുറക്ക് ചേർത്ത് നിർത്താനുള്ള പേരായിരിക്കും സാക്ഷാൽ മോഹൻലാൽ. പക്ഷേ മോഹൻലാലിനേക്കാളും മുന്നേ ജീവിച്ചിരുന്ന മഹാ പ്രതിഭകളുണ്ടായിരുന്നു. അവരൊടൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്ന് ഒരിക്കൽ ലാൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സഹതാരങ്ങൾക്ക് മാത്രമല്ല, അണിയറ പ്രവർത്തകരും മോഹൻലാലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെടാറുണ്ട്. പല സംവിധായകരും മോഹൻലാലിന്റെ അഭിനയം കണ്ട് കട്ട് പറയാൻ പോലും മറന്നുപോയെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനൊപ്പം വർക്ക് ചെയ്തതിനെ കുറിച്ച് മനസ് തുറക്കുകയാണ് ഒരുപാട് മികച്ച ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഛായാഗ്രാഹകൻ വിപിൻ മോഹൻ. പഴയകാലത്തെ ഒരുപാട് സത്യൻ അന്തിക്കാട് ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചതും വിപിൻ മോഹനായിരുന്നു.
വിപിൻ മോഹന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങളിൽ ചിലതാണ് നാടോടിക്കാറ്റ്, വരവേൽപ്പ്, മഴവിൽക്കാടി, പിൻഗാമി തുടങ്ങിയവ. പിന്നീട് സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനെ പോലെ തന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു നടൻ ഇല്ല എന്ന് പറയുകയാണ് വിപിൻ മോഹൻ. തന്റെ സിനിമാ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വ്യക്തി മോഹൻലാലാണെന്നും വിപിൻ മോഹൻ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘മോഹൻലാൽ ഒരു അത്ഭുത ജീവിയാണ്. സിനിമയ്ക്കുവേണ്ടി ജനിച്ച ഒരു ക്യാരക്ടറാണത്. ഒരു സീൻ അഭിനയിക്കുമ്പോൾ എന്താണ് ചെയ്യാൻ പോകുന്നതെന്നോ എന്താണ് പറയാൻ പോകുന്നതെന്നോ നമുക്കൊരു പിടുത്തവും കിട്ടില്ല.’- എന്നാണ് വിപിൻ മോഹൻ പറയുന്നത്.
പൊതുവെ ലാൽ റിഹേഴ്‌സൽ ഒന്നും ചെയ്ത് നോക്കാറില്ല. ലാൽ ഒരു സീൻ വെറുതെയൊന്ന് വായിച്ചിട്ട് അങ്ങ് മാറി നിൽക്കും. അല്ലാതെ മറ്റുള്ളവരെപ്പോലെ പഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്നും വിപിൻ മോഹൻ പറയുന്നു.
സീനൊക്കെ വായിച്ചിട്ട് അടുത്തുള്ളവരോട് തമാശയൊക്കെ പറഞ്ഞ് സീൻ ആവുമ്പോഴേക്കും അഭിനയിക്കാൻ വരും. ഷോട്ട് റെഡിയാണോ എന്ന് ചോദിച്ചിട്ട് ലാൽ അഭിനയിക്കുന്നത് വേറെ ഒരു രീതിയിലായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചില സമയങ്ങളിൽ ലാൽ റിഹേഴ്‌സൽ വേണമെന്ന് പറയാറുണ്ട്, അതിനർത്ഥം ലാൽ എന്തോ മനസിൽ വിചാരിച്ചിട്ടുണ്ട് എന്നാണെന്നും വിപിൻ മോഹൻ പറഞ്ഞു.