അയാള്‍ടെ സിനിമയില്‍ അഭിനയിച്ചില്ല എന്നു വെച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതിലഭിനിയിച്ചാലും ഒന്നും സംഭവിക്കില്ല: അത്തരം സിനിമകളില്‍ അഭിനയിക്കേണ്ട കാര്യവും ഇന്നെനിക്കില്ല; ഡോക്ടര്‍ ബിജുവിന്റെ സിനിമ ഒഴിവാക്കിയതിനെ കുറിച്ച് മോഹന്‍ലാല്‍

39

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നേരില്‍ കണ്ട് കഥ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നുള്ള പരാതി നിരവധി സംവിധായകര്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. അത്രയേറെ തിരക്കുള്ള നടനാണു മോഹന്‍ലാല്‍. പ്രമുഖ സംവിധായകന്‍ ഡോക്ടര്‍ ബിജുവും ഇത്തരത്തില്‍ ഒരു പരാതി സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു. സ്ത്രീകളുടെ മാഗസിനായ കന്യകയില്‍ മോഹനരാഗങ്ങള്‍ എന്ന് അഭിമുഖത്തില്‍ ഇതിനു മറുപടിയായി മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ.

Advertisements

മോഹന്‍ലാലിനെ നേരില്‍ കണ്ടു കഥയവതരിപ്പിക്കാനായില്ല എന്നു പരാതിപ്പെടുന്ന സംവിധായകര്‍ അനവധിയാണ്. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകന്‍ ഡോ. ബിജു കഥ പറയാന്‍ വന്നിട്ട് താങ്കളെ കാണാന്‍ കഴിയാതെ പോന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യ മാക്കിയിട്ടുണ്ട്. പുതുതലമുറ സിനിമയില്‍ ആര്, എന്ത് എന്നൊക്കെ മഹാമേരു അറിയാതെ പോവുന്നുണ്ടെന്നുണ്ടോ?

ആരെങ്കിലുമൊക്കെ അദ്ദേഹം പറഞ്ഞുപരത്തുന്നതിനെയൊന്നും നമ്മള്‍ ചലഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാന്‍ പറഞ്ഞതുപോലെ കഥ കേള്‍ക്കുമ്പോള്‍ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല.

അങ്ങനൊരു സിനിമയായിരുന്നു. എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ.. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല.

എന്നാല്‍ അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്നു നടന്നിരുന്നില്ല എന്നും ഒരു ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് നടന്നത് എന്നും ഡോ: ബിജു പറയുന്നു. മോഹന്‍ലാലിന്റെ മറുപടിയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ. മറ്റു പ്രോജക്ടുകളുടെ തിരക്കിലായിരുന്നതു കൊണ്ട് ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല.

അതുകൊണ്ട് അതില്‍ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്‌നമുള്ള കാര്യം അല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്.അതുകൊണ്ടു സിനിമയുടെ ക്വാളിറ്റി മാത്രമാണ് അതില്‍ വിഷയം. ആര് അഭിനയിക്കുന്നു എന്നതു വിഷയമല്ല. നമ്മളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സഹകരിക്കുന്നു എന്നു മാത്രം.

ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. ഇനി ഒരു സ്‌ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല എന്നായിരുന്നു ഡോ: ബിജുവിന്റെ പ്രതികരണം.

Advertisement