ഒടിയനില്‍ മമ്മൂക്കയുടെ ശബ്ദമില്ലേ, അപ്പുവിന്റെ ടീസര്‍ ആദ്യം വന്നത് ദുല്‍ഖറിന്റെ പേജില്‍ അല്ലേ; മമ്മൂക്കയുമായുള്ള ആത്മ ബന്ധത്തെക്കുറിച്ച് വികാരഭരിതനായി ലാലേട്ടന്‍

29

മലയാള സിനിമയിലെ താരരാജാക്കന്‍മാരായി മോഹന്‍ലാലും മമ്മൂട്ടിയും വാഴാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഇരുവരും തമ്മിലുള്ള സൗഹൃദം മലയാളികള്‍ക്ക് അറിയാമെങ്കിലും പലപ്പോഴും ഇവരുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പരസ്പരം പോരടിക്കുന്നത് പതിവാണ്.

Advertisements

ഇരുതാരങ്ങള്‍ക്കും പ്രത്യേകം ഫാന്‍സ് ഗ്രൂപ്പുകാരുമുണ്ട്, ഇവര്‍ തമ്മില്‍ സമൂഹമാധ്യമങ്ങളിലും മറ്റും എപ്പോഴും യുദ്ധമാണ് താനും.

എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒരു മത്സരബുദ്ധിയും ഇല്ലെന്നും നല്ല സൗഹൃദത്തിലാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

‘കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ?

ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്?’- മോഹന്‍ലാല്‍ പറഞ്ഞു.

‘മമ്മൂട്ടിക്കയ്ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ?

അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്.

അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്’- മോഹന്‍ലാല്‍ വ്യക്തമാക്കി.

മലയാള സിനിമയിലെ ശ്രീകൃഷ്ണനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി ശ്രീരാമനാണെന്നും ചിലര്‍ പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും വിലയിരുത്തേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ ചോദ്യം നിങ്ങള്‍ മമ്മൂട്ടിക്കയോട് ചോദിച്ചാല്‍ അദ്ദേഹം ‘അഡല്‍റ്റ് പേരന്റ്’ എന്ന നിലയില്‍ ഗൗരവത്തിലുള്ള ഉത്തരം പറയുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement