നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ നായകനായി 2012 ല്‍ പുറത്തിറങ്ങിയ പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന സിനിമ റിലീസായപ്പോള്‍ കൂടെ വിവാദങ്ങളുടെ പെരുമഴയായിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കളിയാക്കിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രമെന്ന ഖ്യാതിയാണ് സിനിമക്കു ലഭിച്ചത്.
സിനിമയുടെ നിര്‍മ്മാതാക്കളെ സംബന്ധിച്ച് ആ ചിത്രം ഒരു നഷ്ടമേ ആയിരുന്നില്ല. എന്നാല്‍ അതോടെ ആ ചിത്രത്തിന്റെ സംവിധായകന് അടിതെറ്റുകയായിരുന്നു.സിനിമ റിലീസായിക്കഴിഞ്ഞ് സംവിധായകന്‍ സജിന്‍ രാഘവന്‍ മോഹന്‍ലാലിനെ പലവട്ടം വിളിച്ചിരുന്നു. പക്ഷെ മോഹന്‍ലാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.
പിന്നീടൊരിക്കല്‍ സജിന്‍ ഒരു ലൊക്കേഷനില്‍ പോയി മോഹന്‍ലാലിനെ നേരിട്ട് കണ്ടു. നേരത്തെ പല തവണ വിളിച്ചിരുന്നു എന്ന കാര്യം മോഹന്‍ലാലിനോട് സൂചിപ്പിച്ചു. മിസ്‌കാള്‍സ് കണ്ടിരുന്നു. നമ്മള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ കാള്‍സല്ലേ എടുക്കു സജി എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അദ്ദേഹത്തിന്റെ ആ വാചകത്തില്‍ എല്ലാം ഉണ്ടായിരുന്നെന്ന് സജി പറയുന്നു.
മോഹന്‍ലാലിനെ പരിഹസിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ല ഡോ.സരോജ് കുമാര്‍ എന്നാണ് സജിന്‍ പറയുന്നത്. ഉദയനാണ് താരത്തില്‍ സൂപ്പര്‍ താരങ്ങളെ കളിയാക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. പ്രേക്ഷകരും താരങ്ങളും ആ സിനിമയെ സ്വീകരിച്ച പോലെ ഡോ. സരോജ് കുമാറിനേയും സ്വീകരിക്കുമെന്ന് സംവിധായകന്‍ കരുതുകയായിരുന്നുവത്രേ!.
നേരത്തെ റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഉദയനാണ് താരത്തിലെ ഒരു കഥാപാത്രമായ സരോജ് കുമാറിനെ ഉള്‍പ്പെടുത്തി എടുത്ത ചിത്രമായിരുന്നു പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍.