മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. സിനിമാ ലോകത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ. താരത്തിന്റെ അഭിനയ മികവിനെ വെല്ലാൻ മറ്റൊരു സൂപ്പർതാരവുമില്ല എന്നത് പലരും അടിവരയിട്ടു പറയുന്നതുമാണ്.
കുസൃതി നിറഞ്ഞചിരിയും കണ്ണുകളും ശരീര ഭാഷയുമെല്ലാം ജന്മസിദ്ധമായി നടനവൈഭവം ലഭിച്ച മോഹൻലാൽ എന്ന കലാകാരന്റെ മാത്രം പ്രത്യേകതകളാണ്. അഭിനയ ജീവിതത്തിന് പുറത്തും സാമൂഹിക കാര്യങ്ങളിൽ താരം ഉത്കണ്ഠപ്പടുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ തന്റെ നാടിനെ കുറിച്ചോർത്തുള്ള ആശങ്കകളാണ് താരം പങ്കിടുന്നത്. തനിക്ക് നാടിനെ കുറിച്ച് ഓർക്കുമ്പോൾ സങ്കടമുണ്ടെന്നും എത്ര ആത്മാർത്ഥമായി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചാലും കാര്യങ്ങൾ നടപ്പാക്കിക്കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കേരളത്തിന്റെ പുറത്തുള്ള ഉദ്യോഗസ്ഥർ തന്നോട് പറയാറുണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്.
ജലനിരപ്പിന് താഴെ ജീവിക്കുന്ന കുട്ടനാട്ടുകാർ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ വെള്ളത്തിന്റെ മൂല്യത്തെ പറ്റി കൂടുതൽ ബോധ്യം വന്നുവെന്നും അവർക്കുവേണ്ടി താൻ ഒരു ജലശുദ്ധീകരണ സംവിധാനം ഒരുക്കിയെന്നും മോഹൻലാൽ വെളിപ്പെടുത്തുന്നു. മലയാള മനോരമയുടെ വാർഷിക പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ നാടിനെ കുറിച്ച് സംസാരിച്ചത്.
പലപ്പോഴും കേരളത്തിനു പുറത്ത് നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പറയാറുണ്ട്, എത്ര ആത്മാർത്ഥമായി ശ്രമിച്ചാലും ഇവിടെ കാര്യങ്ങൾ നടപ്പായി കിട്ടാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച്. സങ്കടമുണ്ട് എന്റെ നാടിനെ ഓർത്ത്. കുറെ കാലം ബ്ലോഗ് എഴുതിയിരുന്നു, മനസ്സിൽ തട്ടിയ ചില കാര്യങ്ങൾ, സമൂഹം എന്നോട് പറഞ്ഞതിൽ ചിലത്.
കൂടാതെ, തെരുവുനായ ശല്യത്തെ പറ്റി എത്രയോ തവണ എഴുതി. നാട്ടിലെ മാലിന്യ പ്രശ്‌നത്തെപ്പറ്റിയും കൊതുക് ശല്യത്തെ പറ്റിയും എഴുതി. പരിചയമുള്ള ഉദ്യോഗസ്ഥരോടും രാഷ്ട്രീയ നേതാക്കളോടും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നുമുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
നാട്ടിലെ മാലിന്യത്തിന്റെ കാര്യമെടുക്കാം, ജപ്പാനിൽ പോയപ്പോൾ ഒരു പാലത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കൊതി തോന്നി, പുഴയുടെ അടി വരെ കാണാവുന്ന തെളിമയാർന്ന വെള്ളം, മാലിന്യത്തിന്റെ കണിക പോലുമില്ല. നമ്മുടെ പുഴയ്ക്ക് എന്നെങ്കിലും അങ്ങനെ ആകാൻ കഴിയുമോ? മോഹൻലാൽ ചോദിക്കുന്നു.
എന്നാൽ നമ്മുടെ നാട്ടിലും അങ്ങനെയാകേണ്ടതല്ലേ? നഗരത്തിലെ ഗതാഗത തടസ്സം ഉണ്ടായതിൽ കാൽനടയാത്രക്കാരോട് ക്ഷമാപണം നടത്തുന്ന പൊലീസിനെ ഞാൻ വിദേശരാജ്യത്ത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു ജനാഭിമുഖ്യ സംവിധാനത്തിലേക്ക് നാം എന്നുവരുമെന്ന് മോഹൻലാൽ സംസാരത്തിനിടെ ചോദിക്കുന്നു.
വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബാല്യത്തിൽ വീട്ടിൽ നിന്നും പഠിച്ചത് ഇപ്പോഴും പാലിക്കാൻ ശ്രമിക്കാറുണ്ട്. ജലനിരപ്പിന് താഴെ ജീവിക്കുന്ന കുട്ടനാട്ടുകാർ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ വെള്ളത്തിന്റെ മൂല്യത്തെ പറ്റി കൂടുതൽ ബോധ്യം വന്നു. അതുകൊണ്ട് കൂടിയാണ് കുട്ടനാട്ടുകാർക്ക് വേണ്ടി ഒരു ജലശുദ്ധീകരണ സംവിധാനം ഒരുക്കാൻ മുന്നോട്ടിറങ്ങിയത്.
അത് യാഥാർത്ഥ്യമായപ്പോൾ അവിടത്തെ ജനങ്ങളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം എന്റെ മനസ്സിലുണ്ട്. 400 ൽ ഏറെ കുടുംബാംഗങ്ങൾക്കാണ് ഇപ്പോൾ ഇതിൻറെ പ്രയോജനം ലഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.