മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഗുസ്തിക്കാരനായ പുതിയ പരസ്യം സിനിമാ ട്രെയിലര്‍ പോലെ യു ട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്.
ചില്ലിട്ട പഴയ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് മോഹന്‍ലാല്‍ വിശ്വനാഥന് എന്ന അനൗണ്‍സ്മെന്റിനൊപ്പം കരുത്തുറ്റ ചുവടുകളുമായി മീശപിരിച്ച് ഗോദയിലേക്കിറങ്ങുന്ന ലാല്‍ ഫ്രെയിം മാസ് ചിത്രങ്ങളിലെപ്പോലെ കയ്യടി വാങ്ങുന്നു.
സിനിമ പോലെ ഹിറ്റായ പരസ്യത്തില്‍ ലാലിന്റെ വില്ലനാകുന്ന മസിലളിയന് ഇവിടെയുണ്ട്. കൊച്ചിയില്‍. കൊച്ചി പനമ്പിള്ളി നഗര്‍ ഇന്റര്‍നാണഷണല്‍ ഫിറ്റ്നെസിന്റെ മാനേജരും ഇവിടുത്തെ ഫിറ്റ് നസ് കണ്‍സള്‍ട്ടന്റുമായ അനീഷ് കുമാറാണ് ആ താരം.
തൊടുപുഴ സ്വദേശിയായ അനീഷ് കഴിഞ്ഞ 10 വര്‍ഷമായി ഇന്റര്‍നാഷണല്‍ ജിനേഷ്യത്തിലെ ട്രയിനറാണ്. എംബിഎയ്ക്ക് ശേഷം ഫിറ്റ്നെസ് ആവേശം നെഞ്ചേറ്റി കൊച്ചിയിലെത്തിയ അനീഷ് 2012 ജനുവരിയില്‍ മിസ്റ്റര്‍ കേരളയുമായി.
രസ്യചിത്രത്തില് മോഹന്‍ലാലിന്റെ വില്ലനാകാനുള്ള അവസരം അവിചാരിതമായാണ് എത്തിയതെന്ന് പറയുന്നു അനീഷ്. മോഹന്‍ലാല്‍ മലര്‍ത്തിയടിക്കുന്ന ഒരു വടക്കേയിന്ത്യക്കാരനായ ഗുസ്തിക്കാരനെയാണ് സംവിധായകന് ഡിജോ ജോസ് ആന്റണി തിരഞ്ഞത്.
ആ തിരയല്‍ ഒരു സുഹൃത്തുവഴി അനീഷിലേക്കെത്തി. മുഖച്ചിത്രങ്ങളും മസില്ചിത്രങ്ങളും അയച്ചു നല്കിയപ്പോള് സംവിധായകന് ഡബിള്‍ ഒകെ. ഗുസ്തി പരിശീലിച്ചിട്ടില്ലെങ്കിലും ഗുസ്തിപിടിക്കല് വെല്ലുവിളിയായില്ലെന്ന് അനീഷ്.
ഗുസ്തിപ്പരസ്യം വൈറലായതോടെ അനീഷും ചെറുതാരമായി. കരുതലോടെയും സ്നേഹത്തോടെയുമുള്ള മോഹന്‍ലാലിന്റെ പെരുമാറ്റം തുടക്കക്കാരനെന്ന അപരിചിതത്വം ഒഴിവാക്കിയെന്ന് അനീഷ് പറയുന്നു.
ഏഴുസുന്ദരരാത്രികളില്, വര്‍ഷം എന്നീ സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്ത അനീഷ് ഇപ്പോള്‍ മനു അശോക് സംവിധാനം ചെയ്യുന്ന പാര്‍വതി നായികയാകുന്ന ഉയരെ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.