മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും.
40 വർഷം മുൻപു മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹൻലാലിനെ സംവിധായകനുമാക്കുന്നു. മോഹൻലാൽതന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്.
പ്രധാന നിർമാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും.
രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.
ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂർത്തിയാക്കിക്കഴിഞ്ഞു.
ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കുമെന്ന് ലാൽ വ്യക്തമാക്കിയിരുന്നു.
തീരുമാനം മുൻകൂട്ടിയെടുത്തതല്ലെന്ന് കുറിച്ച മോഹൻലാൽ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സിനിമയുടെ സംവിധായകൻ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേയ്ക്ക് എത്തിച്ചതെന്നും വ്യക്തമാക്കി.
ബറോസ്സ് ഗാർഡിയൻ ഓഫ് ദ ഗാമാസ് ട്രഷർ’ ആണ് ആ കഥയെന്നും വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാൽ പറയുന്നു.
കടലിലും കരയിലുമായി ഗാമയുടെ നിധികുംഭങ്ങൾ… 400 വർഷമായി അതിനു കാവൽനിൽക്കുന്ന ഒരാൾ. ബറോസ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെ കാവൽക്കാരനായി ബറോസ് പോർച്ചുഗീസ് തീരത്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലു നൂറ്റാണ്ടു കഴിഞ്ഞു.
ഓരോ കപ്പലെത്തുമ്പോഴും അയാൾ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടാവുമെന്ന്. കാത്തുസൂക്ഷിക്കാനായി ഗാമ നൽകിയ നിധി, ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.
ഒരുദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറയുമ്പോൾ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണിനി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പ്രമേയമിതാണ്
ബറോസിന് മുമ്പേ പ്രിയദർശന്റെ മരയ്ക്കാർ ഇന്ത്യൻ സ്ക്രീനിലെത്തും. 10 ഭാഷകളിലാണു മരയ്ക്കാർ റിലീസ് ചെയ്യുന്നത്.