മോഹന്‍ലാല്‍ പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍ മലയാള സിനിമയുടെ ബോക്‌സ്ഓഫീസില്‍ ചരിത്രമെഴുതി കുതിക്കുന്നു.
ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടിയ വിവരം നിര്‍മാതാക്കളായ ആശീര്‍വാദ് പ്രൊഡക്ഷന്‍സാണ് വിവരം ഔദ്യോഗികമായി അറിയിച്ചു.
ഇതോടെ സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ലൂസിഫര്‍ എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബിലെത്തിയിരിക്കുന്നു. ആരാധകരുടെ അചഞ്ചലമായ പിന്തുണയാണ് ഈ നേട്ടം കൈവരിച്ചതിന് പിന്നിലെന്ന് മോഹന്‍ലാല്‍ കുറിച്ചു.
പിന്തുണയ്ക്ക് മുന്നില്‍ തല കുനിയ്ക്കുന്നു. പ്രഥ്വിരാജിനും ലൂസിഫര്‍ ടീമിനും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. ലൂസിഫര്‍ നൂറു കോടി ഗ്രോസ് കലക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫീസില്‍ കടന്നതായി ആശീര്‍വാദ് വ്യക്തമാക്കി.
റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണെന്നും അവര്‍ പറഞ്ഞു.
ഇതാദ്യമായാണ് കലക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്ക്കുന്നതെന്നും മലയാള സിനിമയുടെ ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ സ്‌നേഹവും കരുത്തും ആണെന്നും അവര്‍ കുറിച്ചു.
നൂറു കോടി ക്ലബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫര്‍. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍, നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി.
ഇതില്‍ രണ്ട് സിനിമകളില്‍ മോഹന്‍ലാല്‍ നായകനും ഒന്നില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.