കൊച്ചി: തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി മോഹന്‍ലാല്‍. മാധ്യമപ്രവര്‍ത്തകനായ എ.ചന്ദ്രശേഖര്‍ നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. അഭിമുഖം ‘മോഹനരാഗങ്ങള്’ എന്ന പേരില്‍ ഒരു പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.
പേരിനെക്കുറിച്ച് മോഹന്‍ലാല്‍ പുസ്തകത്തില്‍ പറയുന്നത്
‘അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്.
അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പന് അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവര് സമ്മതിച്ചു എന്നുള്ളതാണു വലിയ കാര്യം.
സ്കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരില്‍ എന്നെ വിളിക്കൂ. അടുപ്പമുള്ളവര്‍ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്.
പിന്നീട് ലാലേട്ടാ എന്നായപ്പോള്‍.. ആ വിളിയുടെ ഒരു ഈണം, താളം ഒക്കെയുണ്ടല്ലോ ദാസേട്ടാ… എന്നു യേശുദാസിനെ വിളിക്കുന്നതുപോലെ.
എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോളൊരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോള്‍ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.