സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചക്ക് വഴിവെച്ച ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യംപയിന്റെ ഭാഗമായുള്ള കവര്‍ ചിത്രത്തെക്കുറിച്ച്് നടിയും മോഡലുമായ ജിലു ജോസഫ്. അത്തരത്തില്‍ ഒരു ചിത്രം പ്ലാന്‍ ചെയ്തെടുത്തതല്ല. അങ്ങനെയൊരു ഒരു കാംപയിന്റെ ഭാഗമാകാന്‍ സുഹൃത്തുക്കള്‍ ക്ഷണിക്കുകയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ചെയ്യാന്‍ മടിയാണെങ്കില്‍ ഞാന്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.
മുലയൂട്ടല്‍ ഏറെ അനുഗ്രഹമുള്ളയൊന്നാണല്ലോ. കുഞ്ഞിനെ ദൈവം തന്നതാണെങ്കില്‍ കുഞ്ഞിന് കൊടുക്കാനുള്ളതും ദൈവദാനമല്ലേ. ഇതൊരു നല്ലകാര്യമാണ്. ചീത്തകാര്യമല്ലല്ലോ. എന്റെ ശരീരത്തിലെ ഒരു ഭാഗവും തെറ്റാണെന്നും വിശ്വസിക്കുന്നില്ല. അങ്ങനെയാണ് മുലയൂട്ടല്‍ ചിത്രമെടുക്കാന്‍ സമ്മതം മൂളിയത്.
ഇതൊരു പ്രൊഫഷന്റെ ഭാഗമായാണ് കണ്ടത്. അവരെന്നെ അവരുടെ കാംപയിന്റെ മുഖമാക്കി. ചിത്രം കണ്ടിട്ടല്ല ആ മാഗസിനില്‍ എഴുതിയത് വായിച്ചിട്ടാണ് ഓരോരുത്തരും അഭിപ്രായം പറയേണ്ടത്. ഓരോ അമ്മയോടും അവര്‍ ചെയ്യുന്നത് ഏറെ മനോഹരമായ കാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്ന ആ ചിത്രം.
ആരൊക്കെയോ പഠിപ്പിച്ചതാണ് ചില അവയവങ്ങള്‍ അശ്ലീലമെന്നൊക്കെ. നമ്മുടെ സ്വന്തം ശരീരം എങ്ങനെയാണ് പാപമാകുന്നത്. ഫേസ്ബുക്കില്‍ വേശ്യയെന്ന് പോലും ഇതിനുശേഷം പലരും വിളിച്ചു. ഏറെ സന്തോഷത്തോടെ വിമര്‍ശനങ്ങളെ കാണുന്നതായി താരം വ്യക്തമാക്കി. ഈ വിഷയത്തില്‍ എന്നെ തിരുത്തണമെങ്കില്‍ അതിനുള്ള ന്യായങ്ങളുമായി വരണം. ഞാന്‍ മൂലം വീട്ടുകാര്‍ വിഷമിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്.
എന്റെ ജീവിതത്തില്‍ കിട്ടിയ നല്ലൊരു അസൈന്‍മെന്റായി ഇത് കാണാനാണ് ഇഷ്ടം. ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു. ഈയൊരു ക്യാംപയിന്‍ മൂലം വരാന്‍ സാധ്യതയുള്ള എല്ലാ പേരുദോഷങ്ങളേയും സന്തോഷത്തോടെ ഏറ്റവാങ്ങുന്നു. ഈയൊരു പടത്തില്‍ തീരുന്നതല്ലല്ലോ ജീവിതമെന്നും ജിലു കൂട്ടിച്ചേര്‍ത്തു.