അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ അവതാരകനുമാറിയ താരമാണ് മിഥുൻ രമേശ്. സിനിമയിൽ ഡബ്ബിംഗ് ആർടിസ്റ്റായി എത്തിയ പിന്നീട് നടനാവുകയായിരുന്നു താരം. ഇതിനു ശേഷമാണ് മിഥുൻ അവതാരകനെന്ന കരിയറിലേക്ക് എത്തിയത്.
ദുബായിയിൽ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
നിരവധിസിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ മിഥുൻ, ജോഷി-ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഹിറ്റ് സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സിനിമയിൽ നടൻ മുരളിയുടെ മകനായാണ് മിഥുൻ അഭിനയിച്ചിട്ടുള്ളത്.
ആ സിനിമയിൽ അഭിനയിക്കുന്നതിനിടെ തന്റെ തോളിന്റെ ചെരിവ് കണ്ട് സെറ്റിലെ ചിലർ അത് മാറ്റിയെടുത്താൽ നല്ലതാകുമെന്ന് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ മിഥുൻ. അക്കാര്യം കേട്ടിരുന്ന നടൻ മുരളി ചിരിക്കുകയും കമന്റ് പറയുകയും ചെയ്തതിനെ കുറിച്ചാണ് താരത്തിന്റെ വാക്കുകൾ.
മിഥുന്റെ വാക്കുകൾ ഇങ്ങനെ: ‘റൺവെ സിനിമയിൽ മുരളി സാർ എന്റെ അച്ഛനായിരുന്നു. ഞാൻ ആ സിനിമയിൽ ഒരു സീൻ എടുത്തിട്ട് വരികയാണ്. അതായത് ലോറി താവളത്തിൽ ഒരു സീനുണ്ട്, അയാള് പോണേൽ പോട്ടേ അപ്പാ എന്ന് പറയുന്ന സീൻ.’
‘കുറച്ച് ലെങ്ത്തുള്ള ഡയലോഗായിരുന്നു അതിൽ. ഞാൻ ആ ഡയലോഗ് കാണാതെ പറഞ്ഞു. തുടക്കത്തിൽ ഉള്ള ആവേശം കൊണ്ടായിരുന്നു അത്. ആ സീൻ കഴിഞ്ഞതും ജോഷി സാർ വെരി ഗുഡെന്ന് പറഞ്ഞു.”
അപ്പോൾ ഞാൻ വളരെ ആത്മാഭിമാനത്തിൽ നടന്നു വരികയാണ്. അന്ന് നടക്കുമ്പോൾ എനിക്ക് ചെറിയ ഒരു ചെരിവ് ഉണ്ടായിരുന്നു. മുരളി സാർ ഈ സമയത്ത് അവിടെ ഇരുന്ന് സിഗരറ്റ് വലിക്കുകയാണ്.’
‘ഞാൻ അങ്ങോട്ട് ചെന്നതും ചുറ്റുമുള്ള എല്ലാവരും സീൻ നന്നായിരുന്നെന്ന് എന്നോട് പറഞ്ഞു. പിന്നെ നിന്റെ നടപ്പിൽ ചെറിയ കൂനുണ്ട്, നിനക്ക് ഒരു ചെരിവും കൂനുമുണ്ട്. അപ്പോൾ അതൊന്ന് മാറ്റിയെടുത്താൽ നല്ലതാകും എന്ന് പറഞ്ഞു.’
‘ അതുകേട്ട് മുരളി സാർ ഉറക്കെ ചിരിച്ചു. അതോടെ എല്ലാവരും സാറിനെ നോക്കി.പണ്ട് അവന്മാരെല്ലാം കൂടി ഒരുത്തന്റെ ചെരിവ് മാറ്റാൻ നടന്നതാണ്,എന്ന് പറഞ്ഞു. അത്രമാത്രമേ മുരളി സാർ പറഞ്ഞുള്ളു’- മിഥുൻ വിശദീകരിക്കുന്നു.