ലോക്ഡൗൺ പ്രതിസന്ധിയ്ക്കിടെ കോവളം തീരത്ത് മൊട്ടിട്ട പ്രണയത്തിന് താലികെട്ടിലൂടെ സാഫല്യം. ഒരു വർഷം മുൻപ് പ്രണയത്തിലായ ഇംഗ്ലണ്ടുകാരി മിരാൻഡയും (മിമി) കോവളം സ്വദേശി അരുൺ ചന്ദ്രനും (കണ്ണപ്പൻ) ആണ് ഇന്നലെ കോവളം ആവാടുതുറ (കീഴേവീട്) ദേവീക്ഷേത്രത്തിൽ താലി ചാർത്തിയത്.
ചടങ്ങിന് സാക്ഷിയായി മകൻ മൂന്നര മാസം പ്രായമുള്ള സായി ഉൾപ്പെടെ കണ്ണപ്പന്റെ ബന്ധുക്കളും മിമിയുടെ സുഹൃത്തുക്കളും.
കോവിഡ് കാല ദുരിതത്തിനിടയിലും ഇരുവരുടെയും പ്രണയവും കടിഞ്ഞൂൽ കനിയുമായുള്ള ഇവരുടെ പരിലാളനകളും കോവളം തീരവാസികൾക്ക് കൗതുക കാഴ്ചയായിരുന്നു.
ALSO READ
ലണ്ടനിൽ സ്വകാര്യ സംരംഭകയായ മിരാൻഡ 2020 മാർച്ചിലാണ് ആദ്യമായി കോവളത്ത് എത്തുന്നത്. വൈകാതെ ലോക്ഡൗണിൽ നാടും നഗരവും സ്തംഭിച്ചു. ഇതോടെ മടക്കയാത്ര മുടങ്ങുകയായിരുന്നു.
താമസിച്ചിരുന്ന വീട്ടിൽ മിരാൻഡ ഓമനിച്ചു വളർത്തിയ നായ്ക്കുട്ടി ഒരു ദിവസം പുറത്തേക്ക് ഓടിയതും സമീപവാസിയായ അരുൺ ചന്ദ്രൻ നായയെ പിടികൂടി തിരികെ ഏൽപ്പിച്ചതും ആ സന്തോഷത്തിൽ മിരാൻഡ ഒരു കപ്പ് കാപ്പിയ്ക്ക് ക്ഷണിച്ചതുമാണ് ഇരുവരുടെയും ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ടത്.
പരിചയം പിന്നീട് പ്രണയമായി. അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഇതിനിടെ സായി എന്ന ആൺകുട്ടിയും പിറന്നു.
ALSO READ
സായി ആർതർ ലിറ്റിൽ ഫുഡ് എന്നാണ് മുഴുവൻ പേര്. കൊറോണ വ്യാപനം കുറഞ്ഞ് ലോകം സാധാരണ നിലയിലേക്ക് എത്തുമ്പോൾ നാട്ടിലേക്ക് തിരികെ പോകാനാണ് ഇവർ തീരുമാനിച്ചിരിയ്ക്കുന്നത്.