നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഗായകന്‍ കൂടിയാണ് എംജി.
പ്രശസ്ത സംഗീതജ്ഞന്‍ ആയിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.
എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാര്‍ വിവാഹിതനായത്.
മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിന്റെ മിക്ക സിനിമകളിലും പാട്ടുകള്‍ പാടിയിരുന്നത് എംജി ശ്രീകുമാറായിരുന്നു. പലതും വന്‍ഹിറ്റായി മാറിയിട്ടുമുണ്ട്. എന്നാല്‍ പുതുതായി ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നും പാട്ടുകള്‍ക്ക് പ്രാധാന്യമില്ലെന്ന് എംജി ശ്രീകുമാര്‍ പറയുന്നു.
ഭരതമൊക്കെ പോലെ പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രം വന്നാല്‍ ഹിറ്റാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ അത്തരത്തിലുള്ള ചിത്രങ്ങളെടുക്കാന്‍ ഇപ്പോള്‍ നിര്‍മാതാക്കള്‍ക്ക് ടെന്‍ഷനാണെന്നും അങ്ങനൊരു ചിത്രം എടുത്താല്‍ അത് വിജയിക്കുമോ എന്നൊരു പേടിയാണെന്നും എംജി ശ്രീകുമാര്‍ പറയുന്നു.