വീണ്ടും നാദിര്‍ഷ, കിടിലന്‍ ചിരിപ്പൂരവുമായി മേരാ നാം ഷാജി: സധൈര്യം ടിക്കറ്റെടുക്കാവുന്ന കംപ്ലീറ്റ് ഫാമിലി ഫണ്‍ ചിത്രം: റിവ്യു വായിക്കാം

25

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ നാദിര്‍ഷായുടെ മൂന്നാമത്തെ സംരംഭമായ മേരാ നാം ഷാജി തീയ്യെറ്ററകുളില്‍ എത്തി. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കിയ മേരാ നാം ഷാജി ചിരിയും ആവേശവും ആകാംഷയും എല്ലാം കോര്‍ത്തിണക്കി ഒരു കംപ്ലീറ്റ് ഫാമിലി ഫണ്‍ ഫിലിം ആയാണ് നമ്മുക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്.

Advertisements

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള മൂന്ന് ഷാജി മാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. തിരുവനന്തപുരത്തുള്ള ടാക്‌സി ഡ്രൈവര്‍ ഷാജി സുകുമാരന്‍ ആയി ബൈജു, കോഴിക്കോടുള്ള ഗുണ്ടാ ഷാജി ഉസ്മാന്‍ ആയി ബിജു മേനോന്‍, കൊച്ചിയില്‍ ഉള്ള ഉടായിപ്പു ഷാജി അഥവാ ഷാജി ജോര്‍ജ് ആയി ആസിഫ് അലി എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. ഇവരെ മൂന്നു പേരെയും വളരെ യാദൃശ്ചികമായി ബന്ധിപ്പിക്കുന്ന ചില സംഭവ വികാസങ്ങളിലൂടെ ആണ് ഈ ചിത്രം സഞ്ചരിക്കുന്നത്.

ആദ്യ രണ്ടു ചിത്രങ്ങള്‍ നേടിയ വന്‍ വിജയത്തിന് ശേഷം നാദിര്‍ഷ ഒരിക്കല്‍ കൂടി പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് പറയാം. വീണ്ടും പക്കാ വിനോദ ചിത്രം തന്നെയാണ് നാദിര്‍ഷ നമുക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്. മൂന്നു ജനപ്രിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി രസകരമായ ഒരു ചിത്രം ഒരുക്കിയതിലൂടെ തന്റെ സംവിധാന മികവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നാദിര്‍ഷ എന്ന ഹിറ്റ് മേക്കര്‍.

ദിലീപ് പൊന്നന്‍ രചിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതീവ രസകരമായി എല്ലാ കൊമേര്‍ഷ്യല്‍ ചേരുവകളും ചേര്‍ത്ത് അദ്ദേഹം ഒരുക്കിയ ഈ തിരക്കഥ നാദിര്‍ഷ വളരെ ആവേശകരമായും രസകരമായും പ്രേക്ഷക സമക്ഷം അവതരിപ്പിച്ചു. കഥ അവതരിപ്പിച്ച രീതിയിലും അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും എല്ലാം സംവിധായകനും രചയിതാവും മികവ് പുലര്‍ത്തി എന്നതും ഈ ചിത്രത്തെ മികച്ചതാക്കി തീര്‍ത്തു എന്ന് നിസംശയം പറയാം.

ആസിഫ് അലി, ബൈജു, ബിജു മേനോന്‍ എന്നിവര്‍ ഷാജിമാരായി കിടിലന്‍ പ്രകടനമാണ് നല്‍കിയത്. വളരെ അനായാസം ആയും സ്വാഭാവികം ആയും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഈ മൂവര്‍ സംഘത്തിന് കഴിഞ്ഞു. പ്രേക്ഷകരെ തനിക്കൊപ്പം കൊണ്ട് പോകാന്‍ കഴിഞ്ഞത് ആണ് ഇവരുടെ പെര്‍ഫോര്‍മസിന്റെ ഏറ്റവും വലിയ വിജയമായി മാറിയത് എന്ന് പറയാം.

ധര്‍മജന്‍ ബോള്‍ഗാട്ടി ഏറെ കയ്യടി നേടിയ ഈ ചിത്രത്തില്‍ ഗണേഷ് കുമാര്‍, സാദിഖ്, ടിനി ടോം, രഞ്ജിനി ഹരിദാസ്, ശ്രീനിവാസന്‍ എന്നിവരും മികച്ച പ്രകടനം നല്‍കി. നായിക ആയി എത്തിയ നിഖില വിമല്‍ ഒരിക്കല്‍ കൂടി തന്നെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.

വിനോദ് ഇല്ലമ്പിളി നല്‍കിയ മനോഹരമായ ദൃശ്യങ്ങള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടായപ്പോള്‍ എമില്‍ മുഹമ്മദ് ഈണമിട്ട ഗാനങ്ങളും മികച്ച നിലവാരം പുലര്‍ത്തി. അത് പോലെ തന്നെ ചിത്രത്തിന് മികച്ച വേഗത നല്‍കുന്നതില്‍ എഡിറ്റര്‍ ജോണ്‍ കുട്ടിയുടെ പങ്കും എടുത്തു പറയേണ്ടതാണ്.

ചുരുക്കി പറഞ്ഞാല്‍, മേരാ നാം ഷാജി ഒരു തികഞ്ഞ വിനോദ ചിത്രം ആണ്. ഒരുപാട് ചിരിക്കാന്‍ ഇഷ്ട്ടപെടുന്ന പ്രേക്ഷകരുടെ എല്ലാ ടെന്‍ഷനുകളും മാറ്റി, അവരെ എല്ലാം മറന്നു റിലാക്‌സ് ആവാന്‍ സഹായിക്കുന്ന രസകരമായ ഒരു സിനിമാനുഭവം എന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിച്ച ഈ ചിത്രം ഉര്‍വശി തീയേറ്റേഴ്‌സ് ആണ് കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.

Advertisement