ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ തിരക്കഥയും സംഭാഷണവും നിർമാണവും നിർവഹിക്കുന്ന ചിത്രത്തിൽ മെഗാതാരം മമ്മൂട്ടി അഭിനയിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ സലിം ഇന്ത്യ.
പബ്ലിക് പ്രോസിക്യൂട്ടർ മഞ്ചേരി ശ്രീധരൻ നായർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ഈ കഥാപാത്രത്തിനു യോജിച്ച നടൻ മമ്മൂട്ടി അല്ലാതെ മറ്റൊരാൾ ഇല്ല. മമ്മൂട്ടിയോട് ചിത്രത്തെക്കുറിച്ച് പ്രാഥമികമായി സംസാരിച്ചിട്ടുണ്ട്. ചിത്രത്തിൽ അഭിനയിക്കില്ലായെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല.
ഹൈദരാബാദിലുള്ള മമ്മൂട്ടി നാട്ടിലെത്തിയാലുടൻ അദ്ദേഹവുമായി കഥാപാത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ചർച്ച നടത്തും. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏതെങ്കിലും കാരണവശാൽ മമ്മൂട്ടിക്ക് കഴിയാതെ പോയെങ്കിൽ മഞ്ചേരി ശ്രീധരൻ നായർ എന്ന കഥാപാത്രത്തെ ചിത്രത്തിൽനിന്നും നീക്കം ചെയ്യുന്ന കാര്യം ബിഎ ആളൂരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സലിം ഇന്ത്യ പറഞ്ഞു.
ഷാജി കൈലാസിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ചയാളാണ് ഫെഫ്ക അംഗവും എഴുത്തുകാരനുമായ സലിം ഇന്ത്യ. അവാസ്തവം എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. വിവാദ കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരാകുന്ന അഡ്വ. ബിഎ ആളൂർ ഈ ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്.
എങ്ങോട്ടും ചായാതെയും ആരുടേയും പക്ഷം പിടിക്കാതെയും നടി ആക്രമിക്കപ്പെട്ടതുമുതൽ നടൻ ദിലീപ് ജയിൽ മോചിതനാകുന്നതു വരെയുള്ള സംഭവങ്ങൾ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സലിം ഇന്ത്യ പറഞ്ഞു.
അതേസമയം, ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുമെന്നുള്ളത് വെറുമൊരു പ്രചാരണം മാത്രമാണെന്നും മലയാള സിനിമയിൽ വിവാദമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും മമ്മൂട്ടിയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു.
ഈ ചിത്രത്തിന്റെ പോസ്റ്ററിൽ മമ്മൂട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും ആ നിലയ്ക്കാണ് മമ്മൂട്ടിയെ ചിത്രത്തിൽ അഭിനയിക്കാൻ സമീപിച്ചതെന്നും ഈ ചിത്രത്തിൽ അഭിനയിക്കില്ലായെന്ന് മമ്മൂട്ടി ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഈ ചിത്രം ആരെയും മോശക്കാരാക്കാനോ നല്ലവരാക്കാനോ ഉള്ളതല്ലെന്നും സലിം ഇന്ത്യ പറയുന്നു.
ഡിജിപി ലോക്നാഥ് ബെഹ്റയായി ദിലീപ് ചിത്രത്തിൽ അഭിനയിക്കും. എഡിജിപി ബി.സന്ധ്യയുടെ വേഷത്തിൽ വരലക്ഷ്മി അഭിനയിക്കും. ആക്രമിക്കപ്പെട്ട നടിയുടെ വേഷത്തിൽ ബോളിവുഡ് താരം വിദ്യാബാലനോ, തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയോ അഭിനയിക്കും.
സലിംകുമാർ, ശോഭാ പണിക്കർ, ഇന്ദ്രൻസ്, കെപിഎസി ലളിത, മാമുക്കോയ തുടങ്ങിയ വൻ താര നിരയും ചിത്രത്തിലുണ്ട്. പത്തുകോടി രൂപ മുടക്കിയാണ് ചിത്രം നിർമിക്കുന്നത്. ആളൂരിന്റെ ഐഡിയൽ ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് രൂപീകരിച്ച ഐഡിയൽ ക്രിയേഷൻസ് നൂറുകോടി രൂപയുടെ മുതൽമുടക്കുമായിട്ട് ഈ ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്