ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.
ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാർക്ക് മികച്ച പിന്തുണ നൽകുന്ന മലയാളത്തിൽമീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ഭർത്താവിന്റെ മരണത്തിൽ തകർന്ന മീന മാസങ്ങൾക്ക് ശേഷം മനോധൈര്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ മീനയുടെ മകൾ നൈനിക തന്റെ അമ്മ അനുഭവിക്കുന്ന വിഷമഘട്ടത്തെ കുറിച്ച് പറഞ്ഞതാണ് വൈറലാകുന്നത്.
സിനിമാ രംഗത്തെ മീനയുടെ 40 വർഷങ്ങളുടെ ആഘോഷം നടന്ന ചടങ്ങിൽ വെച്ച് മീനയെ കുറിച്ച് മകൾ നൈനിക സംസാരിച്ചത് അമ്മയായ മീനയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അമ്മയെ സംബന്ധിച്ച് പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളെ സംബന്ധിച്ചാണ് നൈനിക പ്രതികരിച്ചിരിക്കുന്നത്.
തനിക്ക് മീന എന്ന വ്യക്തിയെ സംബന്ധിച്ച് അമ്മയെന്ന നിലയിലും അഭിനേത്രി എന്ന നിലയിലും വളരെയേറെ അഭിമാനം മാത്രമാണുള്ളത്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് തനിക്കറിയാം. അതിനിടയിലാണ് വ്യാജ വാർത്തകൾ എത്തുന്നതെന്ന്. ദയവ് ചെയ്ത് തനിക്കു വേണ്ടിയെങ്കിലും ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, അവർക്കും വികാരങ്ങളുണ്ടെന്നാണ് നൈനിക പറഞ്ഞത്.
ആദ്യമൊക്കെ ഈ വ്യാജ വാർത്തകൾ കേട്ട് ചിരിക്കുമായിരുന്നു. അമ്മ രണ്ടാമതും ഗർഭിണിയായിരുന്നെന്നാണ് ഒരു ചാനൽ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാൽ ഇത്തരം നിരവധി വാർത്തകൾ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായെന്നും നൈനിക വിശദീകരിച്ചു.
അച്ഛൻ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. നിരവധി തവണ കരഞ്ഞു. താൻ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോൾ അമ്മ തന്നെ നോക്കി. ഇനി താൻ അമ്മയെ നോക്കുമെന്നും നൈനിക വിശദീകരിച്ചു.
‘നിരവധി ന്യൂസ് ചാനലുകളാണ് അമ്മയെ പറ്റി വ്യാജ വാർത്ത എഴുതിയത്. എന്നെയോർത്ത് നിർത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താൽ വിഷമിക്കില്ലേ’- എന്നാണ് നൈനിക ചോദിക്കുന്നത്.
മീനയെ ആദരിക്കുന്ന ചടങ്ങിൽ നടൻ രജിനികാന്ത് ഉൾപ്പടെയുള്ളവരെത്തിയിരുന്നു. രാധിക, റോജ, സുഹാസിനി, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങൾ പരിപാടിയിൽ മീനയെ ആദരിക്കാനെത്തിയിരുന്നു. പലരും നൈനികയുടെ വാക്കുകൾ കേട്ട് വികാരാധീനരായി.