മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരം മീന. ടീനേജുകാരിയായിരുന്ന കാലം തൊട്ട് മലയാളികൾ ഇഷ്ടപ്പെടുന്നതാണ് മീനയെ. ഇപ്പോഴിതാ താരത്തിന്റെ ഭർത്താവ് വിദ്യാസാഗർ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഏതാനും ദിവസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. വിദ്യാ സാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തേയും ആരാധകരെയും ഒന്നാകെ ഞെട്ടിച്ചിരുന്നു.ശ്വാസ കോശരോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ 28ാം തീയതി ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വെറും 48 വയസ്സ് മാത്രം പ്രായമുള്ള വിദ്യാസാഗറിന് കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു അസുഖം മൂർച്ഛിച്ചത്. പിന്നീട് ശ്വാസകോശം മാറ്റിവെയ്ക്കാനായി ശ്രമിച്ചെങ്കിലും യോജിച്ച ശ്വാസകോശം ലഭിക്കാത്തതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
മീനയുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് സോഷ്യൽമീഡിയ ഒന്നടങ്കം. ഇപ്പോഴിതാ വിദ്യാസാഗറുമായുള്ള വിവാഹത്തെക്കുറിച്ച് മീന മുൻപ് പറഞ്ഞ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പണം തരും പടത്തിൽ അതിഥിയായെത്തിയപ്പോൾ മീന പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്.
തനിക്ക് ഒരുപാട് ആരാധകർ കത്തയച്ചിരുന്നെന്നാണ് മീന പറയുന്നത്. തന്റെ സൗന്ദര്യത്തെക്കുറിച്ച് അവർ പറയാറുണ്ടായിരുന്നുവെന്നും മീന പറയുന്നു. കൂടാതെ താൻ വിദ്യാസാഗറിനെ വിവാഹം കഴിച്ചതിനെ കുറിച്ചും മീന തുറന്നുപറയികയായിരുന്നു. തങ്ങളുടേത് അറേഞ്ച്ഡ് കം ലവ് മാര്യേജ് ആയിരുന്നുവെന്നാണ് മീന പറയുന്നത്. പൊതു സുഹൃത്തുക്കൾ വഴിയായിരുന്നു വിദ്യസാഗറും മീനയും പരിചയപ്പെട്ടത്.
ബാംഗ്ലൂരിൽ വിദ്യാസാഗർ ഐടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീടാണ് ചെന്നൈയിലേക്ക് മാറിയത്. തങ്ങളിരുവരും സുഹൃത്തുക്കൾ വഴി പരിചയപ്പെട്ടു. എന്നാൽ അന്നൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നാണ് മീന പറയുന്നത്. നല്ല പയ്യനാണല്ലോ എന്നുമാത്രമായിരുന്നു വിദ്യ സാഗറിനെക്കുറിച്ച് എല്ലാവരും പറഞ്ഞിരുന്നതെന്ന് മീന ഓർക്കുന്നുണ്ട്.
അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും, ഇതിനിടെ വിദ്യാസാഗറാണ് തന്നോട് വിവാഹത്തെക്കുറിച്ച് ആദ്യം ചോദിച്ചതെന്നും മീന പറയുന്നുണ്ട്. അങ്ങനെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഒരു ജൂലൈ 12 നായിരുന്നു വിവാഹം. രാവിലെ 6 മണിക്കായിരുന്നു മുഹൂർത്തം.
അതേസമയം. മുഹൂർത്തത്തിന് തൊട്ടുമുൻപ് താൻ അവസാനത്തെ അവസരമാണ്, വേണമെങ്കിൽ പിൻമാറാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ വേഗം പോയി റെഡിയായി വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മീന ഓർക്കുന്നു.
താൻ സിനിമാനടിയാണെങ്കിലും ഭർത്താവിന് ക്യാമറയ്ക്ക് മുന്നിൽ വരാൻ ചമ്മലാണ്. ഫോട്ടോയെടുക്കാനൊന്നും വരികയേയില്ലെന്നും മീന പറയുന്നുണ്ട്. അതേസമയം ദമ്പതികളുടെ ഏകമകൾ നൈനിക സിനിമയിലെത്തിയിരുന്നു. വിജയ് ചിത്രമായ തെറിയിലൂടെയായിരുന്നു മീനയുടെ മകളുടെ അരങ്ങേറ്റം. മകളുടെ അരങ്ങേറ്റത്തിന് പിന്നിലെ കഥയും മീന പങ്കുവെക്കുന്നുണ്ട്.
”എനിക്ക് വേണ്ടിയാണ് അവർ വന്നതെന്നായിരുന്നു ഞാൻ കരുതിയത്. നല്ലൊരു ഫാദർ-ഡോട്ടർ സിനിമയാണെന്നൊക്കെ പറഞ്ഞിരുന്നു. ഇതിലെനിക്കെന്താണ് റോൾ എന്നായിരുന്നു ഞാൻ ആലോചിച്ചത്. അപ്പോഴാണ് അവർ ഡാഡി വിജയ് യാണെന്നും മകളായി നിങ്ങളുടെ മകളെ അഭിനയിപ്പിക്കണമെന്നും പറഞ്ഞത്. അപ്പോഴാണ് ഞാനും മകളുടെ കാര്യം ഓർത്തത്. അവൾ അഭിനയിക്കാൻ റെഡിയായിരുന്നു. ആ സിനിമ വൻവിജയമായി മാറി”-മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് മീന പറഞ്ഞതിങ്ങനെ.