ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.
1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്.
മീനയുടെ മകള്‍ നൈനികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് മീന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിരവധി സൂപ്പര്‍സ്റ്റാറുകളുടെ ഒപ്പം താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ വിജയ്, അരവിന്ദസ്വാമി എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ തനിക്ക് സാധിക്കാത്തത് മകള്‍ക്ക് സാധിച്ചുവെന്നും താരം പറയുന്നു.
തെറി എന്ന ചിത്രത്തിലാണ് നൈനിക വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ഇത് അരങ്ങേറ്റ ചിത്രമായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലും മകള്‍ അഭിനയിച്ചിട്ടുണ്ടെന്നും മീന പറയുന്നു.