മീ ടൂ മൂവ്മെന്റിനെതിരായ ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ താൻ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുമ്പേയാണെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീ ടൂവിനെതിരെ ധ്യാനിന്റെ വിവാദ പരാമർശം ഉണ്ടായത്. ‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ ഞാൻ പെട്ടു, ഇപ്പോൾ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുമ്പേയാണ്. അല്ലെങ്കിൽ ഒരു 15 വർഷം എന്നെ കാണാൻ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെൻഡ് വന്നത്,’ എന്നാണ് അഭിമുഖത്തിൽ ധ്യാൻ പറയുന്നത്.
ALSO READ
ധ്യാനിന്റെ മീ ടൂ പരാമർശമാണ് അഭിമുഖത്തിന്റെ തമ്പ്നെയ്ലിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയും വിമർശനമുയരുന്നുണ്ട്. തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ ലോകമെങ്ങുമുള്ള സ്ത്രീകൾ തുറന്നുപറച്ചിൽ തന്നെ ആയുധമാക്കിയ മീ ടൂ മൂവ്മെന്റിനെയാണ് ധ്യാൻ ശ്രീനിവാസൻ അപഹസിച്ചത് എന്ന വിമർശനമാണ് ഉയർന്ന വരുന്നത്.
റിലീസിനൊരുങ്ങുന്ന ഉടൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ധ്യാൻ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ പലതിലും കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളുണ്ടായിരുന്നും എന്നും വിമർശനങ്ങളുയർന്നിരുന്നു. മീ ടൂ വിനെതിരെ പരാമർശമുയർന്നതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.
ALSO READ
അടുത്തിടെ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ പുതുമുഖ നടി ലൈംഗിക പീഡന പരാതി നൽകുകയും പിന്നാലെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ചർച്ചയായിരിക്കെയാണ് ധ്യാനിന്റെ വിവാദ പരാമർശം. കേസിന് പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ പിടി കൂടാനുള്ള ശ്രമങ്ങൾ തുടർന്ന കൊണ്ടിരിയ്ക്കുകയാണ്.