ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്ന്; രമ്യാ നമ്പീശനും ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍

22

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതില്‍ പങ്കാളിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു. താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ ആരോപിച്ചു. കൊച്ചിയില്‍ നടി അക്രമിക്കുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍.

Advertisements

വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതിയില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കേസില്‍ ദിലീപ് എടുത്തതിന് സമാനമായ നിലപാടാണ് മാര്‍ട്ടിന്‍ ഇപ്പോഴെടുക്കുന്നത്. നേരത്തെ മാര്‍ട്ടിനെ കേസില്‍ മാപ്പുസാക്ഷിയാക്കുന്നത് പോലും പൊലീസ് പരിഗണിച്ചിരുന്നു. പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഏതായാലും കേസില്‍ മാര്‍ട്ടിന്റെ നിലപാട് വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ പക്ഷം. ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യര്‍ക്കുമെതിരെ പലവിധ ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നിരുന്നു. ജാമ്യാപേക്ഷയില്‍ ദിലീപും മഞ്ജുവിനും ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്ന നടിയാണ് രമ്യാ നമ്പീശന്‍. ദിലീപിനെ വെട്ടിലാക്കി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് തുടങ്ങിയതിന് പിന്നിലും രമ്യാനമ്പീശന്‍ ഉണ്ടായിരുന്നു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതും രമ്യാ നമ്പീശന്റെ ഇടപെടലിന്റെ ഭാഗമാണ്. അത്തരത്തിലൊരു നടിക്കെതിരെയാണ് മാര്‍ട്ടിന്‍ ആരോപണം ഉന്നയിക്കുന്നത്. ഇന്ന് കോടതിയില്‍ ദിലീപ് ഹാജരായില്ല. മാര്‍ട്ടിന്റെ ആരോപണത്തോടെ ഈ വിഷയം സിനിമാ ലോകത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്. ദിലീപും മഞ്ജുവാര്യരും തമ്മിലെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയമാണ് നടിയെ ആക്രമിച്ച കേസിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മഞ്ജുവും രമ്യാ നമ്പീശനും അടക്കമുള്ളവര്‍ കേസിലെ പ്രധാന സാക്ഷികളുമാണ്. ഇവരെ സാക്ഷി പറയാനെത്തിക്കാതിരിക്കാനുള്ള തന്ത്രമാണ് ഇത്തരം വെളിപ്പെടുത്തലെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.

സിനിമാ മേഖലയിലെ നിരവധി പേര്‍ കേസില്‍ സാക്ഷികളാണ്. ഇവരെല്ലാം കോടതിയില്‍ എത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടും. സാക്ഷിക്കൂട്ടിലെത്തുമ്പോള്‍ രൂക്ഷമായ ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന സാഹചര്യമെത്തിയാല്‍ പല സാക്ഷികളും കേസില്‍ നിന്ന് പിന്മാറും. ഇത് വിചാരണയെ പ്രതികൂലമായി ബാധിക്കും. ഇതിനുള്ള നീക്കത്തിന്റെ ഭാഗമാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തലെന്നാണ് വിലയിരുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രില്‍ 11 ലേക്ക് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഒഴികെയുള്ള ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണം. ഏതെങ്കിലും രേഖകള്‍ നല്‍കാനാവില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 11 ന് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതിഭാഗത്തിന് നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാണ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെയാണ് ദിലീപിനെ കുറ്റവിമുക്തനാക്കുന്ന തരത്തില്‍ മാര്‍ട്ടിന്‍ മഞ്ജുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. കേസില്‍ സാക്ഷികളെ കോടതിയില്‍ നിന്ന് അകറ്റാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

നടിയെ ആക്രമിച്ച കേസില്‍ കുറ്റം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ആവശ്യമില്ലെന്നും ഇത്തരം തെളിവുകള്‍ പ്രതിക്ക് നല്‍കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കാന്‍ ഇര നല്‍കിയ തെളിവുകള്‍ മതിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഹര്‍ജി പരിഗണിക്കവെ ദിലീപിനെന്തിനാണെന്ന് ദൃശങ്ങളെന്ന് കോടതി ആരാഞ്ഞു. ദൃശ്യങ്ങളിലെ സ്ത്രീ പുരുഷ ശബ്ദങ്ങളുടെ തീവ്രത വ്യത്യസ്തമാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഇതു തെളിയിക്കാന്‍ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ശബ്ദം പരിശോധിക്കേണ്ടത് പ്രോസിക്യൂഷനല്ലേയെന്ന് കോടതി വാക്കാല്‍ ചോദിച്ചു.

പ്രതിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അവസരം നല്‍കിയിരുന്നു. പകര്‍പ്പ് നല്‍കാനാവില്ല. ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അവ പുറത്തു വരും. ഇത്തരം കേസുകളിലെ ഇരകളുടെ സംരക്ഷണത്തിന് നിയമങ്ങളും കൊണ്ടു വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവം വേറിട്ടൊരു കേസാണ്. ഇതില്‍ ദൃശ്യങ്ങള്‍ തൊണ്ടിമുതലാണ്. ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇരയുടെ സ്വകാര്യതയ്ക്ക് വിധേയമായാണ് കേസിലെ വിചാരണ വേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ സാക്ഷികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി മാര്‍ട്ടിന്റെ വെളിപ്പെടുത്തലെത്തുന്നത്. കേസ് അട്ടിമറിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തുന്നുവെന്ന ആക്ഷേപം പ്രോസിക്യൂഷന്‍ നേരത്തെ ഉന്നയിച്ചിരുന്നു. പല സാക്ഷികളേയും കൂറുമാറ്റാന്‍ ഇടപെടല്‍ നടത്തിയെന്നും കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രതിയായ മാര്‍ട്ടിനും ദിലീപിനെ രക്ഷിക്കാനായി രംഗത്ത് വരുന്നു.

നടിയെ കാറില്‍ കൊണ്ടു വന്ന് പള്‍സര്‍ സുനിക്ക് കൈമാറിയത് മാര്‍ട്ടിനായിരുന്നു. മാര്‍ട്ടിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നേരത്തെ അന്വേഷണം പള്‍സര്‍ സുനിയിലേക്കും ദിലീപിലേക്കുമെല്ലാം എത്തിയത്. അത്തരത്തിലൊരു പ്രതിയാണ് ദിലീപിന് അനുകൂല നിലപാടിലേക്ക് മാറുന്നത്.

Advertisement