മരക്കാറിനെ ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനോടാണെന്ന് പ്രിയദർശൻ ; തള്ളി തള്ളി എങ്ങോട്ടാണെന്ന് വിമർശകർ

86

സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മരക്കാർ: അറബിക്കടലിന്റെ സിംഹം. ബിഗ്ബജറ്റിൽ തീയ്യേറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ ചിത്രം പ്രദർശനത്തിന് എത്തും മുൻപ് തന്നെ 100 കോടി നേടിയിരുന്നു.

ചിത്രത്തിന് എതിരെ ബോധപൂർവമായ ഡീഗ്രേഡിങ് നടക്കുന്നു എന്ന വിമർശനവുമായി അണിയറ പ്രവർത്തകരും നടൻ മോഹൻലാലും രംഗത്തെത്തിയിരുന്നു. തീയ്യേറ്റർ വിജയത്തിന് പിന്നാലെ സിനിമ ഒടിടിയിലും പ്രദർശനത്തിന് എത്തിയിരുന്നു.

Advertisements

ഇവിടെ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ സംവിധായകൻ പ്രിയദർശൻ. മരക്കാറിനെ ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്നും അതിൽ അർഥമില്ലെന്നുമാണ് സംവിധായകൻ പ്രിയദർശൻ പറയുന്നത്.ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനോട് ആയിരുന്നുവെന്നും പ്രിയദർശൻ പറയുന്നു.

ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്.”മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാൻ സമ്മർദത്തിലായിരുന്നു. ബാഹുബലി പോലെയല്ല, അവർക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു,’-എന്നാണ് പ്രിയദർശൻ പറഞ്ഞത്.

മരക്കാർ എന്ന സിനിമ തന്റെ 25 വർഷത്തെ നീണ്ട കാത്തിരപ്പാണെന്നും പ്രിയദർശൻ പറയുന്നു. കാലാപാനിയുടെ സമയത്താണ് ഇത്തരം ഒരു ആശയം ഉണ്ടാകുന്നത് എന്നാണ് പ്രിയൻ പറയുന്നത്. തിരക്കഥാകൃത്ത് ടി.ദാമോദരനാണ് ഈ ആശയവും ഇത്തരത്തിലൊരു സിനിമയുടെ സാധ്യതയും തന്നെ അറിയിച്ചത്.

എന്നാൽ ആ സമയത്ത്, കൊടുങ്കാറ്റും കടൽ യുദ്ധങ്ങളും ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. 25 വർഷത്തിന് ശേഷം, ഒരുപാട് കാര്യങ്ങൾ മാറി, വിഷ്വൽ ഇഫക്റ്റുകൾ വളരെയധികം മെച്ചപ്പെട്ടു, അതിനാൽ ഇത് ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നി. ഇന്ത്യൻ സിനിമകളിൽ ഇതുവരെ കടൽ യുദ്ധം ആളുകൾ കണ്ടിട്ടില്ല. അതിൽ ഞാൻ വിജയിച്ചു എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നും പ്രിയദർശൻ പറഞ്ഞു.

അതേസമയം സ്പിൽബർഗിനോട് ഉപമിച്ചതോടെ പ്രിയദർശന് എതിരെ വിമർശകരും രംഗത്ത് വന്നു. തള്ളി തള്ളി ഇത് എങ്ങോട്ടാണ് എന്നാണ് വിമർശകർ ചോദിക്കുന്നത്.

100 കോടി ചെലവിട്ട് ഒരുക്കിയ ചിത്രം കുഞ്ഞാലിമരക്കാർ നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രം ഇതിനോടകം തന്നെ ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്തമാക്കിക്കഴിഞ്ഞു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കിയ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മകൻ പ്രണവ് മോഹൻലാൽ, അർജുൻ സർജ്ജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രഭു, സുഹാസിനി, ഫാസിൽ, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ, മുകേഷ് തുടങ്ങിയ വൻ താരനിര തന്നെ എത്തിയിരുന്നു.

 

Advertisement