തമിഴ് സിനിമാതാരം തൃഷയ്ക്കെതിരെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ മോശം പരാമര്‍ശം സിനിമാതരങ്ങള്‍ക്കിടയിലും സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ വെച്ചായിരുന്നു മന്‍സൂര്‍ അലിഖാന്റെ മോശം പരാമര്‍ശം.
തൃഷയ്‌ക്കൊപ്പം ചിത്രത്തില്‍ കിടപ്പുമുറി സീന്‍ പങ്കിടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ രൂക്ഷമായി പ്രതികരിച്ച് തൃഷയും രംഗത്തെത്തിയിരുന്നു.
മന്‍സൂര്‍ അലിഖാനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടാത്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു തൃഷ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. മന്‍സൂര്‍ അലിഖാന്റെ മോശം പരാമര്‍ശത്തിന്റെ വീഡിയോയും തൃഷ പങ്കുവെച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ നിരവധി പേരാണ് മന്‍സൂര്‍ അലിഖാനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്.
തനിക്കെതിരെ വന്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്‍സൂര്‍ അലിഖാന്‍. താന്‍ തൃഷയെ കുറിച്ച് മോശമായി എന്തൊക്കെയോ പറഞ്ഞുവെന്ന രീതിയില്‍ പോസ്റ്റുകള്‍ തനിക്ക് തന്റെ പെണ്മക്കളാണ് അയച്ചുതന്നതെന്നും മന്‍സൂര്‍ അലിഖാന്‍ പറയുന്നു.
തന്റെ പുതിയ സിനിമ റിലീസ് ചെയ്യാന്‍ പോകുന്ന സമയമാണിത്. തന്നെ ഒരു പ്രശസ്ത പാര്‍ട്ടി വരുന്ന ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ പോകുന്ന സമയമായിരുന്നെന്നും അപ്പോഴാണ് ഏതോ ഒരുത്തന്‍ തന്നെ പറ്റി അനാവശ്യം പറഞ്ഞുണ്ടാക്കിയതെന്നും ശരിക്കും പറഞ്ഞാല് താന്‍ ആ പെണ്‍കുട്ടിയെ കുറിച്ച് വളരെ പോസിറ്റീവായിട്ടായിരുന്നു സംസാരിച്ചതെന്നും മന്‍സൂര്‍ അലിഖാന്‍ പറയുന്നു.
ലിയോയില്‍ കാശ്മീരിലായിരുന്നു തൃഷയുടെ സീനുകള്‍. തനിക്ക് പഴയ സിനിമകളിലേതുപോലെ നായികമാര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലിയോയില്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വളരെ കോമഡിയായിട്ടായിരുന്നു താന്‍ അക്കാര്യം പറഞ്ഞതെന്നും താന്‍ അവരെ പറ്റി പറയുന്ന വീഡിയോ തൃഷയ്ക്ക് തെറ്റായ രീതിയിലാണ് കാണിച്ച് കൊടുത്തിരിക്കുന്നതെന്നും മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.
തന്റെ മകള്‍ ദില്‍റുബ നിങ്ങളുടെ വലിയ ഫാനാണെന്ന് തൃഷയോട് ലിയോയുടെ പൂജയുടെ സമയത്ത് പറഞ്ഞിരുന്നു. തന്റെ മക്കളില്‍ ഒരാളുടെ കല്യാണമേ കഴിഞ്ഞിട്ടുള്ളൂവെന്നും ഇനിയും രണ്ട് പെണ്മക്കളെ കെട്ടിക്കാനുണ്ടെന്നും താന്‍ ഒപ്പം അഭിനയിക്കുന്ന നടിമാര്‍ക്ക് നല്ല മര്യാദ കൊടുക്കുന്ന ആളാണെന്നും ഇതിനോടകം 365 സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എരിതീയില്‍ എണ്ണയൊഴിക്കാന്‍ നില്‍ക്കുന്നവരുടെ പരിപ്പൊന്നും ഇവിടെ വേവൂലെന്നും മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.