ലിയോ സിനിമയ്ക്ക് പിന്നലെ ഉടലെടുത്ത വിവാദം കെട്ടണയാതെ ആളിപ്പടരുകയാണ്. നടൻ മൻസൂർ അലിഖാൻ നടത്തിയ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്. തന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച നടി തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ.
മൻസൂർ അലിഖാൻ ചെന്നൈ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. തന്നെ മൂവരും സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നടന്റെ ആവശ്യം.
തമാശയായി താൻ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് ഹരജിയിലെ മൻസൂർ അലി ഖാന്റെ ആരോപണം.
നേരത്തെ, ലിയോ സിനിമയുടെ വിജയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിയൊണ് നടി തൃഷയെ ഉൾപ്പടെയുള്ള നടിമാരെ അപമാനിച്ച് സംസാരിച്ച് മൻസൂർ അലി ഖാൻ വിവാദത്തിലകപ്പെട്ടത്. വിവാദമായ മൻസൂർ അലിഖാന്റെ പ്രസ്താവന ഇങ്ങനെ: ‘ലിയോ സിനിമയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കൊപ്പം ഒരു ബെഡ്റൂം സീൻ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സെറ്റിൽ വെച്ച് കാണാൻ പോലും സാധിച്ചില്ല’ എന്നായിരുന്നു.
സ്ത്രീകളെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ച മൻസൂർ അലി ഖാന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് നേരിട്ടത്. മൻസൂർ അലി ഖാന്റെ വെറുപ്പുളവാക്കുന്ന സംസാരത്തിനെതിരെ പ്രതികരണവുമായി നടി തൃഷ തന്നെയാണ് ആദ്യം രംഗത്തെത്തിയത് തന്നെക്കുറിച്ചുള്ള മൻസൂർ അലി ഖാന്റെ വാക്കുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പ്രതികരിച്ചിരുന്നു.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മൻസൂർ അലി ഖാന്റെ വാക്കുകളോട് തൃഷ പ്രതികരിച്ചത്. മൻസൂർ അലിഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് തന്റെ ശ്രദ്ധയിൽ പെട്ടത്. അതിനെ ശക്തമായി അപലപിക്കുന്നു.
അത് സെക്സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണെന്ന് തൃഷ പ്രതികരണത്തിൽ പറഞ്ഞിരുന്നു. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞിരുന്നു. പിന്നാലെ നടി ഖുശ്ബു ഉൾപ്പെടെയുള്ളവർ നടന് എതിരെ രംഗത്തെത്തുകയായിരുന്നു.
നടന്റെ വിവാദ പ്രസ്താവനയിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. എന്നാൽ, കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്ന് കരുതിയ വേളയിലാണ് മൻസൂർ അലി ഖാന്റെ ഈ നീക്കം.