മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മനോജ് കെ ജയൻ. മികച്ച കഥാപാത്രങ്ങൾ ചെയ്ത് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.
നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയിൽ നിറഞ്ഞുനിന്നു. തനിക്ക് ഒത്തിരി സിനിമകൾ ചെയ്യണമെന്ന ആഗ്രഹമൊന്നുമില്ലെന്നും ചെയ്യുന്നത് മികച്ചതാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടി ഉർവശിയുമായുള്ള ആദ്യവിവാഹ ബന്ധം തകർന്നതോടെ മനോജ് കെ ജയൻ ആശയെ വിവാഹം ചെയ്തിരുന്നു. ആശയ്ക്ക് ഒരു മകനുണ്ട് അമൃത്. ഇരുവരും ലണ്ടനിലാണ് താമസം. ഭാര്യ ആശയും മകനും ഇപ്പോൾ ലണ്ടനിലാണെന്നും അവിടെ തങ്ങൾക്ക് വീടുണ്ടെന്നും മകൻ അവിടെ പഠിക്കുകയാണെന്നും മനോജ് കെ ജയൻ മുൻപ് വിശദീകരിച്ചിരുന്നു.
കൂടാതെ, തന്റെ മകൾ കുഞ്ഞാറ്റ ഇപ്പോൾ വളർന്നുവലുതായെന്നും ബാംഗളൂരുവിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷണൽ സ്‌കൂളിൽ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴുണ്ടായ അനുഭവമാണ് താരം വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. പൊതുവേദിയിൽ വിവാഹത്തെ കുറിച്ച് സംസാരിക്കുന്ന രസകരമായ വീഡിയോയാണിത്.
ഈ സ്‌കൂളിലെ ഒരു അധ്യാപിക ചടങ്ങിലെ മുഖ്യാതിഥിയായ മനോജ് കെ ജയനിൽ നിന്നും പുരസ്‌കാരം വാങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. ചടങ്ങിൽ അവതാരകയായ ടീച്ചർ അവാർഡ് വാങ്ങുന്ന ടീച്ചർ മനോജ് കെ ജയന്റെ കട്ട ഫാൻ ആണെന്നും കല്ല്യാണം കഴിക്കണം എന്നുവരെ പറഞ്ഞെന്നും പറയുന്നു. ഇത് കേട്ട മനോജ് കെ ജയൻ പൊട്ടിച്ചിരിക്കുകയാണ്.
ചടങ്ങിന് ശേഷം മൈക്ക് കൈയിലെടുത്ത മനോജ് കെ ജയൻ ‘ഞാൻ രണ്ട് കല്ല്യാണം കഴിച്ചു കഴിഞ്ഞു, ഇനിയൊന്ന് വളരെ ബുദ്ധിമുട്ടാണ്. ഒന്ന് ആയിരുന്നെങ്കിൽ പിന്നെയും ആലോചിക്കാമായിരുന്നു. സോറി ടീച്ചർ അടുത്ത ജന്മത്തിൽ നോക്കാം’ എന്നാണ് താരം രസകരമായ മറുപടിയായി പറയുന്നത്.
‘ഇതിനുശേഷം…ആങ്കർ ചെയ്ത ടീച്ചറും, അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ….അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും, എംഇഎസ് ഇന്റർനാഷണൽ സ്‌കൂൾ പട്ടാമ്പിയിൽ നടന്ന ഈ സംഭവം ഇന്ററസ്റ്റിംഗ് ആയിരുന്നു’ എന്നും താരം കുറിക്കുന്നു.