മലയാള സിനിമാലോകത്ത് നികത്താനാവാത്ത വിടവി സമ്മാനിച്ച് കടന്നു പോയിരിക്കുകയാണ് നടൻ ഇന്നസെന്റ്. മലയാള സിനിമയിൽ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു നിമിഷം പോലും ഉണ്ടാവില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ഛൻ. സ്വതസിദ്ധമായ അഭിനയശൈലിയും, അനായാസമായി കോമഡി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തു പറയേണ്ടത് തന്നെയാണ്.
സമൂഹത്തിലെ നിരവധി മേഖലകളിൽ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഹൃദയസ്പർശിയായ കുറിപ്പുമായി അടുപ്പമുള്ളവരും എത്തി. ഓരോരുത്തർക്കും ഇന്നച്ഛൻ അവരുടെ പ്രിയപ്പെട്ട കൂട്ടുക്കാരനും, അച്ഛനും , സഹോദരനും എല്ലാമായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണ് വൈറലാകുന്നത്.
ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടൻ. മണിക്കൂറുകൾ നീളും വർത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവർത്തി. ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്‌നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു.
ഒടുവിൽ, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോൺ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോൾപ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടിൽപ്പോയി കണ്ടപ്പോൾ ഇന്നസെന്റേട്ടൻ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പക്ഷേ ഓർമയുടെ ഏതോ കവലയിൽ നിൽക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടൻ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോൾ ഇന്നസെന്റേട്ടൻ അത് ഓർത്ത് പറഞ്ഞുതരാതിരിക്കില്ല… എന്നു പറഞ്ഞാണ് മഞ്ജു വാര്യർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.