രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കേട്ടുവല്ലോ?; മഞ്ജു വാര്യരുടെ മറുപടി

24

കൊച്ചി: തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് നടി മഞ്ജു വാര്യര്‍. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതും തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതും മോശം കാര്യമല്ല. എന്നാല്‍ ഞാന്‍ അതിന് തയ്യാറല്ലെന്ന് മഞ്ജു പറഞ്ഞു.

Advertisements

ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എന്റെ കഴിവിന്റെ പരമാവധി അതിനായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. വളരെ ഗൗരവത്തോടെയാണ് ഞാന്‍ ജോലിയെ കാണുന്നത്. എന്നെ ഈ നാട് സ്നേഹിച്ചത് അതിന്റെ പേരിലാണെന്ന് മഞ്ജു പറഞ്ഞു.

പ്രളയകാലത്തായാലും നാട്ടിലെ ചെറിയ വേദനകളിലായാലും ഞാന്‍ എന്റെ ചെറിയ ലോകത്തുനിന്ന് ഇടപെട്ടിട്ടുണ്ട്. അതു വിജയിച്ചുവോ എന്നെനിക്കറിയില്ല. എനിക്ക് അതു വലിയ സന്തോഷവും ആശ്വാസവും നല്‍കിയിട്ടുണ്ട്. എന്റെ സാന്നിധ്യം ചിലര്‍ക്കെങ്കിലും ആശ്വാസം നല്‍കിയെന്നതും സന്തോഷകരമായ കാര്യമാണ്.

അതല്ലാതെ അതിനപ്പുറത്തേക്കുള്ളൊരു ലോകത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെടുമെന്ന് കേട്ടുവല്ലോ എന്ന് എന്നോട് അടുത്തകാലത്ത് വലിയൊരാള്‍ ചോദിച്ചു.

ഞാന്‍ പറഞ്ഞത് അറിയാത്ത ജോലി ഞാന്‍ ഒരിക്കലും തെരഞ്ഞെടുക്കില്ലെന്നായിരുന്നു. എന്റെ ലോകം സിനിമയുടെത് മാത്രമാണ്. നൃത്തവും സിനിമയുമല്ലാതെ മറ്റൊരു ജോലിയും എനിക്കറിയില്ലെന്ന് മഞ്ജു പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും നേതാക്കളെ ഞാന്‍ പല ചടങ്ങുകളിലായി കണ്ടുമുട്ടാറുണ്ട്. അവരില്‍ പലരും എന്നോട് കാണിക്കുന്ന സ്നേഹം ആത്മാര്‍ത്ഥവുമാണ്.

ഇതൊക്കെത്തന്നെ എനിക്ക് വലിയ കാര്യങ്ങളാണ്. ഇനി രാഷ്ട്രീയത്തിലിറങ്ങി എന്റെ മോഹം വലുതാക്കാന്‍ ഞാന്‍ മോഹിക്കുന്നില്ല. ആ രംഗത്തുതിളങ്ങാന്‍ കഴിവുള്ളവര്‍ ആ ദൗത്യം ഏറ്റെടുക്കട്ടെയെന്ന് മഞ്ജു പറഞ്ഞു

Advertisement