കഴിഞ്ഞ ഇരുപത്തിനാല് വർഷത്തേളമായി മലയാള മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ രാജീവ് റോഷൻ. ഒരു നടനാകണം എന്ന് ആഗ്രഹിക്കാത്ത ബിസിനസ് കുടുംബത്തിൽ ജനിച്ച രാജീവ് അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ചത് യാദൃശ്ചികം എന്ന് തന്നെ പറയാം.
എന്നാൽ സീരിയൽ കഥകളെയും വെല്ലുന്ന ജീവിതമായിരുന്നു രാജീവിന്റേത്. ഒരു മെഗാസീരിയലിനേക്കാൾ സംഭവബഹുലമാണ് രാജീവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും കടന്നുവന്ന വീടുകളും. രാജീവ് ആ കഥകൾ പങ്കുവയ്ക്കുന്നു. കാഞ്ഞിരപ്പിള്ളിയായിരുന്നു അച്ഛന്റെ സ്വദേശം. അച്ഛൻ, അമ്മ, മൂന്ന് സഹോദരങ്ങൾ എന്നിവരായിരുന്നു കുടുംബം. അവിടെ റബർ എസ്റ്റേറ്റ് ഒക്കെയുണ്ടായിരുന്നു.
താരത്തിന്റെ ചെറുപ്പത്തിൽ അച്ഛൻ ബിസിനസ് വിപുലമാക്കാനായി തൃശൂരിലേക്ക് കുടുംബം പറിച്ചുനട്ടു. വീടുവാങ്ങി താമസമാക്കി. രാജീവ് പഠിച്ചതും വളർന്നതുമെല്ലാം തൃശൂരാണ്. ഇതിനിടെ അച്ഛൻ ഒരു ടയർ ഫാക്ടറി തുടങ്ങി. പക്ഷേ അധികകാലം മുന്നോട്ടുപോകാനായില്ല. തൊഴിലാളി സമരത്തെ തുടർന്ന് ഫാക്ടറി പൂട്ടേണ്ടിവന്നു. ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടത്തിലായ അവസരങ്ങളിൽ വാടകവീടായിരുന്നു പിന്നീട് ഇവർക്ക് ആശ്വാസമായി തീർന്നത്. കഷ്ടപ്പാടിന് ഇടയിലും കലയെ സ്‌നേഹിച്ച രാജീവ് റോഷൻ ഒടുവിൽ സീരിയലിൽ അറിയപ്പെടുന്ന താരമായി പതിയെ വളരുകയായിരുന്നു.
ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കഥ പറയുന്ന കണ്ണുകൾ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ നടനാണ് രാജീവ് റോഷൻ. പിന്നീട് പല ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള റോഷൻ ഇന്നും പ്രേക്ഷക മനസ്സിൽ സ്ത്രീധനം എന്ന സീരിയലിലെ പ്രശാന്തൻ എന്ന കഥാപാത്രമായിട്ടാണ് ഉള്ളത്. സീ കേരളത്തിലെ അമ്മ മകൾ എന്ന സീരിയലിൽ ആണ് രാജീവ് റോഷൻ അഭിനയിക്കുന്നത്.
അതേസമയം, താരജാഡകളില്ലാത്ത തന്റെ ജീവിതത്തിൽ ഭാര്യയാണ് എല്ലാമെല്ലാം എന്ന് പറയുകയാണ് താരം. സ്‌ക്രീനിലും തന്റെ കഥാപാത്രങ്ങളെല്ലാം ഭാര്യയെ വളരെ അധികം ബഹുമാനിയ്ക്കുകയും സ്നേഹിയ്ക്കുകയും ഒക്കെ ചെയ്യുന്ന മികച്ച ഭർത്താവാണ് എന്ന് താരം പറയുന്നു. യഥാർത്ഥ ജീവിതത്തിലും അങ്ങനെയൊക്കെ തന്നെയാണ് എന്ന് റെഡ് കാർപെറ്റ് എന്ന ഷോയിൽ വന്നപ്പോൾ താരം വെളിപ്പെടുത്തി.
ജീവിതത്തിൽ ഏറ്റവും പേടിയുള്ള മൂന്ന് കാര്യങ്ങൾ ഏതാണെന്ന സ്വാസികയുടെ ചോദ്യത്തിനൊപ്പം ഭാര്യയെ പേടിയാണോ എന്ന ഉപചോദ്യവുമ ഉണ്ടായിരുന്നു. ഭാര്യയെ പേടിയില്ല. പക്ഷെ തനിയ്ക്ക് പല്ലി പാറ്റ പോലുള്ള ജീവികളെയാണ് പേടി എന്നായിരുന്നു റോഷന്റെ മറുപടി. ഗോസിപ്പുകളെയും അസുഖങ്ങളെയും പേടിയാണെന്നും റോഷൻ പറഞ്ഞു.
ഭാര്യയെ ദേഷ്യത്തോടെ എന്താണ് വിളിയ്ക്കുക എന്ന ചോദ്യത്തിന് അങ്ങനെ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല, സ്നേഹം വരുമ്പോഴും ദേഷ്യം വരുമ്പോഴും സാധാരണയായും ഭാര്യയെ പേര് തന്നെയാണ് വിളിക്കാറുള്ളത്, ബിന്ദു എന്നാണ് ഭാര്യയുടെ പേര് എന്നും റോഷൻ പറഞ്ഞു. ഭാര്യ തന്നെ വിളിയ്ക്കുന്നത് രാജി എന്നാണെന്ന് നടൻ പറയുന്നു
ഭാര്യ ഇല്ലാതെ ജീവിയ്ക്കാൻ കഴിയുമോ എന്നായിരുന്നു സ്വാസികയുടെ അടുത്ത ചോദ്യം. ഇല്ല എന്ന് ഒരു സെക്കന്റ് പോലും ആലോചിക്കാതെ റോഷൻ മറുപടി നൽകി. എനിക്ക് ഭാര്യ ഇല്ലാതെ പറ്റില്ല. ഞാൻ വളരെ അധികം ഡിപ്പന്റ് ആണ് ഇപ്പോൾ അതുകൊണ്ടാണെന്നായിരുന്നു താരത്തിന്റെ ആത്മാർത്ഥമായ മറുപടി.
ഇടക്കാലത്ത് സീരിയലിൽ നിന്നും ബ്രേക്ക് എടുക്കാനുണ്ടായ സാഹചര്യവും രാജീവ് റോഷൻ വ്യക്തമാക്കി. സീരിയലുകളിൽ പലപ്പോഴും അത്ര ശക്തമല്ലാത്ത നായക വേഷങ്ങളാണ് ഞാൻ ചെയ്തിരുന്നത്. മണകുണാഞ്ചൻ ഭർത്താവാണോ താനെന്ന ചോദ്യം കേട്ട് മടുത്ത് ബിസിനസിലേക്ക് തിരിയുകയായിരുന്നു. കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് വീണ്ടും അഭിനയ രംഗത്ത് സജീവമായതെന്നും റോഷൻ വ്യക്തമാക്കി.