മലയാള സിനിമയെ പിടിച്ചു നിർത്തിയിരുന്നത് ഒരു കാലത്ത് സിനിമകളിലെ തമാശയായിരുന്നു. മാമുക്കോയയും പപ്പുവും മാളയും ജഗതി ശ്രീകുമാറുമെല്ലാം ആറാടുകയായിരുന്നു അന്നൊക്കം. ഇന്നിപ്പോൾ സിനിമയിലെ സഹതാരങ്ങളെന്നാൽ തമാശ പങ്കുവെയ്ക്കുന്നവർ തന്നെ വേണമെന്ന് നിർബന്ധമില്ല. 80കളിലും 90കളിലും സഹതാരങ്ങളുടെ പ്രകടനങ്ങൾ തന്നെ തമാശയ്ക്ക് വേണ്ടി മാത്രമായിരുന്നു. അന്നത്തെ കോമഡി വേഷങ്ങളിലെ താരരാജക്കന്മാരിൽ മിക്കവരും അരങ്ങൊഴിഞ്ഞിരിക്കുകയാണ്. സിനിമകളിൽ ഇന്ന് സജീവമായിട്ടുള്ളത് താരം മാമുക്കോയ മാത്രമാണ്.
വർഷങ്ങളായി മലയാള സിനിമയിൽ കൊമേഡിയനായും സ്വഭാവ നടനായും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് മാമുക്കോയ. അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. നാടോടിക്കാറ്റിലെ ഗഫൂർക്ക എന്ന കഥാപാത്രം കാലമിത്ര കഴിഞ്ഞിട്ടും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ ഹിറ്റ് സിനിമകളുടെ ഭാഗമാവുകയായിരുന്നു.
അതേസമംയ, തന്റെ പഴയ സഹതാരങ്ങളെ കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് മാമുക്കോയ. പടം തരും പണം എന്ന റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് നടൻ മാളയെ കുറിച്ചും കൽപനയെ കുറിച്ചുമൊക്കെ സംസാരിച്ചത്. മാളയുമായി എത്രയോ സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നും പെട്ടന്നാണ് അസുഖം വന്ന് സിനിമയിൽ നിന്നും വിടപറഞ്ഞതെന്നും ഓർക്കുകയാണ് മാമുക്കോയ.
‘അസുഖം വന്നപ്പോൾ .ഭയങ്കര പേടിയായിരുന്നു. എനിക്ക് ആൻഞ്ചിയോഗ്രാം കഴിഞ്ഞതാണ്, മാളയ്ക്ക് ബൈപ്പാസ് സർജറിയാണ് ചെയ്തത്. എന്നിട്ട് എല്ലാ ദിവസവും വിളിച്ച് ചോദിക്കും, എങ്ങിനെയാ എന്താ എന്നൊക്കെ. ജഗതി കളിയാക്കുമായിരുന്നു, ‘ഒന്നൂല്ല ആശാനേ വെറുതേ ഇരുന്ന് പേടിച്ച് കൂട്ടാതെ പോയി സർpറി ചെയ്യ്’ എന്ന് പറഞ്ഞ്.
കുറച്ചുനാളുകൾക്ക് ശേഷം മാള ബൈപാസ് സർജ്ജറി ചെയ്തു എന്ന് അറിഞ്ഞു. അത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷവും അഭിനയിച്ചിരുന്നു. മാളയ്ക്ക് ഷുഗറിന്റെ പ്രശ്നം ഉണ്ടായിരുന്നു. ഹൈ ആയിരുന്നു. ഇൻസുലിൻ ചെയ്യാറാണ്. പിന്നെ സമയം ആയപ്പോൾ അങ്ങ് പോയി. ഒരു കാലത്ത് മാളയുടെ കോമഡിയാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്. മാള ഒറ്റയ്ക്ക്. പിന്നീട് പപ്പുവും ജഗതിയും വന്നെന്നും മാമുക്കോയ പ്രതികരിച്ചു.
നടി കൽപനയെ കുറിച്ചും മാമുക്കോയ പോസിറ്റീവായാണ് പ്രതികരിക്കുന്നത്. കൽപന അത് പോലെ വളരെ അധികം ഗുരുത്വമുള്ള കലാകാരിയായിരുന്നു. അങ്ങേയറ്റം വിനയത്തോടെയാണ് എവിടെ ചെന്നാലും സംസാരിച്ചിരുന്നത്. മാത്രമല്ല മുതിർന്ന അഭിനേതാക്കളെ അത് നടനായാലും നടിയായാലും കൽപന ഒരേ രീതിയിൽ ബഹുമാനിക്കും. എപ്പോഴും ചിരിച്ച് മുഖമാണ് കൽപനയുടേത്. അസുഖമുള്ള കാര്യം പോലും ആരെയും അറിയിച്ചിട്ടില്ല. മരിച്ച സമയത്താണ് ഇങ്ങനെയൊക്കെ അസുഖം ഉണ്ടായിരുന്നു എന്ന് പോലും അറിയുന്നത്. അപാര കലാകാരിയാണ്. ഡയലോഗ് ഒന്ന് വായിച്ചാൽ തന്നെ മതി അവർക്ക്, എല്ലാം ഗ്രഹിക്കുമെന്നും മാമുക്കോയ ഓർത്തെടുക്കുന്നു.
ഇതിനിടെ തന്നെ തേടി വന്ന അസുഖങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്. 4എനിക്ക് ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ തരണം ചെയ്ത് വരുന്നു. ചെറിയൊരു ബ്ലോക്ക് ഉണ്ടായി. അത് ആൻജിയോഗ്രാം ചെയ്തു മാറ്റി. പിന്നെ തൊണ്ടയ്ക്ക് കാൻസർ വന്നു. അതും നീക്കം ചെയ്തു. ഇപ്പോൾ കുഴപ്പമൊന്നും ഇല്ല. മാസത്തിൽ പോയി ചെക്ക് ചെയ്യും.
ഇപ്പോൾ രണ്ട് മാസമായി, ‘എവരിത്തിങ് ഓകെ’ എന്നാണ് ഡോക്ടർ പറഞ്ഞതെന്നും എങ്കിലും ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ട്, അത് ക്രമേണെ ശരിയായിക്കൊള്ളുമെന്നുമാണ് പ്രതീക്ഷയോടെയുള്ള താരത്തിന്റെ വാക്കുകൾ.