മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. പക്ഷെ കരിയറിന്റെ ഉയർച്ചയിൽ തന്നെ താരത്തിന് ക്യാൻസർ രോഗത്തോട് പോരാടേണ്ടി വന്നു. ഇന്ന് നിരവധി ക്യാൻസർ രോഗികൾക്ക് പ്രചോദനമാണ് താരം. ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ച് തിരിച്ചെത്തിയ താരത്തിന് അധികം വൈകാതെ തന്നെ രണ്ടാം വട്ടവും കാൻസർ ബാധിച്ചിരുന്നു.
തുടർന്ന് അമേരിക്കയിൽ ചികിത്സ തേടിയ താരം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതിനിടെ താരം താൻ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരുന്നു. വെള്ളപ്പാണ്ട് പോലെ തോന്നുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്. തന്റെ ഒരു ഫോട്ടോയും താരം പങ്ക് വെച്ചിരുന്നു. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് പറഞ്ഞാണ് താരം തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ താൻ ആ ചിത്രം പങ്കുവെയ്ക്കാനുണ്ടായ സാഹചര്യ വിശദീകരിക്കുകയാണ് മംമ്ത. ആളുകൾ എന്ത് പറയും എന്ന് ആലോചിച്ച് വരുന്ന സ്ട്രസ്സ് വളരെ ഭീകരമാണ്. ആ അവസ്ഥയിലായിരിക്കാം സമാന്തയും ദീപികയും എല്ലാം അവരുടെ അവസ്ഥയെ കുറിച്ച് പറയാൻ നിർബന്ധിതരായതെന്ന് മംമ്ത പറയുന്നു.
കൂടാതെ, തന്റെ ശരീരത്തിന്റെ നിറം മാറാൻ തുടങ്ങിയതിനെ കുറിച്ച് തനിക്ക് പറയേണ്ടി വന്നതും അത്തരം ഒരു സാഹചര്യത്തിലാണെന്നും മംമ്ത വെളിപ്പെടുത്തി.
ഏക മകളാണ് താൻ. സ്‌ട്രോങ് ആയത് രണ്ടാം തവണ കാൻസർ വന്ന സമയത്താണ്. അവരെ എന്റെ അവസ്ഥ തളർത്തുന്നുവെന്ന് തോന്നിയപ്പോഴാണ് സ്‌ട്രോങ് ആയത്. ഇപ്പോഴത്തെ തന്റെ ഈ അവസ്ഥയും പാരന്റ്സിനെ കൂടുതൽ വിഷമത്തിലാക്കി. ഓരോ ദിവസവും കണ്ണാടിയിൽ നോക്കുമ്പോൾ മുഖത്തും കഴുത്തിലും എല്ലാം വെള്ള നിറം, എന്റെ യഥാർഥ നിറം മാറുന്നു. അത് എന്നെ കൂടുതൽ എന്നിലേക്ക് ഒതുക്കുകയായിരുന്നു. പുറത്ത് പോകാൻ പോലും കഴിയാത്ത അവസ്ഥ.മേക്കപ്പ് ഇട്ട് എന്റെ രൂപത്തെ മറച്ച് വയ്ക്കുന്നതിനൊപ്പം ഞാൻ തന്നെ മാറുകയായിരുന്നു. റിയലായ എന്നെ തന്നെ എനിക്ക് നഷ്ടപ്പെട്ടു.
മേക്കപ്പ് ഇടുന്നത് ഇഷ്ടമല്ലെങ്കിലും മേക്കപ്പ് ഇടാതെ പുറത്ത് പോകാൻ കഴിയാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റാൽ ശരീരത്തെ ബ്രൗൺ നിറം ആക്കാനുള്ള തിരക്ക്. അതൊക്കെ എനിക്ക് വലിയ വേദനയായിരുന്നു. സുഹൃത്തുക്കൾ വീഡിയോ കോൾ ചെയ്യുമ്പോൾ, പോലും മേക്കപ്പ് ഇട്ടിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു. ഈ സ്ട്രസ്സ് മാറാൻ മറ്റേതെങ്കിലും അസുഖം ആണെങ്കിൽ പുറത്തേക്ക് പോകാം. എനിക്ക് അതിനും കഴിയുന്നില്ല എന്ന അവസ്ഥ. മുഴുവൻ സമയവും കരച്ചിലായിരുന്നു. ഒക്ടോബർ മാസത്തിൽ എല്ലാം ഞാൻ കരയാത്ത ദിവസങ്ങളില്ലെന്നും മംമ്ത പറയുന്നു.
ആയുർവേദ ട്രീറ്റ്മെന്റ് എടുത്ത് നിറത്തിൽ ചെറിയ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. അതും എനിക്ക് ആത്മവിശ്വാസം നൽകി തുടങ്ങി. ആ സ്റ്റേജിൽ ആണ് എല്ലാം പബ്ലിക്ക് ആയി പറഞ്ഞത്. പ്രതീക്ഷയുണ്ട്. ഇപ്പോൾ മേക്കപ്പ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയെന്നും താരം പുതിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
മംമ്ത